ഗയാനയ്ക്ക് കരുത്തേകാൻ ഇന്ത്യൻ നിർമ്മിത ഡോർണിയർ 

Wednesday 03 April 2024 7:15 AM IST

ജോർജ്‌ ടൗൺ: തെക്കേ അമേരിക്കൻ രാജ്യമായ ഗയാനയ്ക്ക് ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എൽ)​ നിർമ്മിച്ച രണ്ട് ഡോർണിയർ - 228 വിമാനങ്ങൾ കൈമാറി ഇന്ത്യ. ഗയാനയ്ക്ക് ഇന്ത്യ അനുവദിച്ച വായ്‌പാ പദ്ധതിയുടെ ഭാഗമായാണ് ഇത്.

വിമാനങ്ങൾ കൈമാറുന്നതിനായി ഇന്ത്യൻ എയർഫോഴ്സ് സംഘം ഗയാനയിലെത്തി. ഞായറാഴ്ച വൈകിട്ട് ചെഡ്ഡി ജഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ എത്തിയെന്ന് ഗയാന പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലി അറിയിച്ചു. രണ്ട് ബോയിംഗ് സി - 17 ഗ്ലോബ്‌മാസ്റ്റർ സൈനിക ചരക്കുവിമാനങ്ങളിലെത്തിച്ച ഡോർണിയറുകളെ ഗയാനയുടെ പ്രതിരോധ സേനയാണ് ഉപയോഗിക്കുക.

എക്‌സിം ബാങ്ക് ഒഫ് ഇന്ത്യയിൽ നിന്ന് 2.327 കോടി ഡോളർ വായ്പയെടുത്താണ് ഇന്ത്യയിൽ നിന്ന് രണ്ട് ഡോർണിയർ വിമാനങ്ങൾ സ്വന്തമാക്കാൻ ഗയാന തീരുമാനിച്ചത്. ഇതു സംബന്ധിച്ച കരാറിൽ മാർച്ച് 15ന് ഗയാന ധനമന്ത്രിയും എക്‌സിം ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജറും ഒപ്പിട്ടിരുന്നു.

 ദൗത്യങ്ങൾ

ടേക്ക് - ഓഫിനും ലാൻഡിംഗിനും ചെറിയ റൺവേ മതിയാകുമെന്നതിനാൽ ഗയാനയുടെ ഭൂപ്രകൃതിക്ക് ഡോർണിയർ ഏറെ അനുയോജ്യമാണ്. ഗയാനയിൽ ഡോർണിയറിന്റെ ദൗത്യങ്ങൾ :

 വിദൂര മേഖലകൾക്കിടെയിലെ സഞ്ചാരം

 വൈദ്യ സഹായം

 ദുരന്ത നിവാരണം

 സമുദ്ര നിരീക്ഷണം

 സൈനികരുടെ സഞ്ചാരം

 ആദ്യ കരീബിയൻ രാജ്യം

ഒരു കരീബിയൻ രാജ്യവുമായി ഇന്ത്യ ഏർപ്പെടുന്ന ആദ്യ പ്രതിരോധ ഇടപാടാണിത്. നിരവധി ഇന്ത്യൻ വംശജരുള്ള ഗയാനയ്ക്ക് ഇന്ത്യയിൽ നിന്ന് പട്രോൾ വാഹനങ്ങൾ, റഡാറുകൾ, കവചിത വാഹനങ്ങൾ എന്നിവ വാങ്ങാനും പദ്ധതിയുണ്ട്. മാലദ്വീപ്, ശ്രീലങ്ക, ഇറ്റലി, തായ്‌ലൻഡ്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും ഡോർണിയർ ഉപയോഗിക്കുന്നുണ്ട്.

 ഡോർണിയർ 228

 19 സീറ്റുകൾ

 സമുദ്ര ഗവേഷണത്തിന് വ്യാപകമായി ഉപയോഗിക്കുന്നു

 അത്യാധുനിക നിരീക്ഷണ റഡാർ

 ഇലക്ട്രോണിക് സെൻസറുകൾ