'നാട്ടുകാർക്ക് ജൂനിയർ ഉമ്മൻ ചാണ്ടിയെ തന്നിട്ടാണ് അദ്ദേഹം കടന്നു പോയത്'; ഓർമ്മകൾ പങ്കുവച്ച് മറിയാമ്മ ഉമ്മൻ

Wednesday 03 April 2024 12:04 PM IST

കോട്ടയം: പുതുപ്പള്ളിയും ഉമ്മൻ ചാണ്ടിയും തമ്മിൽ വേർപിരിയാത്ത ബന്ധമാണെന്ന് യു.ഡി.എഫ് കോട്ടയം കൂരോപ്പട മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത മറിയാമ്മ ഉമ്മൻ പറഞ്ഞു.

ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയും ജനങ്ങളും തമ്മിൽ ഉണ്ടായിരുന്ന അഭേദ്യമായ ബന്ധം അദ്ദേഹത്തിന്റെ മരണശേഷവും തുടരുകയാണ്.

ഉമ്മൻ ചാണ്ടിയുടെ പകരക്കാരിയായിട്ടാണ് ഈ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നത്. അദ്ദേഹം സൃഷ്ടിച്ച ശൂന്യത എല്ലാവരുടെയും ഉള്ളിലുണ്ട്. നാട്ടുകാർക്ക് ജൂനിയർ ഉമ്മൻ ചാണ്ടിയെ തന്നിട്ടാണ് അദ്ദേഹം കടന്നു പോയത്. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനെ ജയിപ്പിച്ചതിനേക്കാൾ ഇരട്ടി ഭൂരിപക്ഷത്തിൽ,​ ഉമ്മൻ ചാണ്ടി എന്ന വികാരം ഊർജ്ജമാക്കി കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ഫ്രാൻസിസ് ജോർജിനെ വിജയിപ്പിക്കണമെന്നും മറിയാമ്മ ഉമ്മൻ ആവശ്യപ്പെട്ടു.

ഫ്രാൻസിസ് ജോർജിന്റെ പിതാവ് കെ.എം ജോർജിന്റെ ഷർട്ട് , ഉമ്മൻ ചാണ്ടി ധരിച്ച ഓർമ്മകളും മറിയാമ്മ ഉമ്മൻ പങ്കുവെച്ചു. സമ്മേളനത്തിൽ മണ്ഡലം കൺവീനർ സാബു സി. കുര്യൻ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, സ്ഥാനാർത്ഥി അഡ്വ. ഫ്രാൻസിസ് ജോർജ്, ജോഷി ഫിലിപ്പ്, രാധാ. വി നായർ തുടങ്ങിയവർ പ്രസംഗിച്ചു.