പത്രികാ സമർപ്പണം ഇന്ന് തീരും: ഇതുവരെ നൽകിയത് 143 പേർ

Thursday 04 April 2024 1:13 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണം ഇന്ന് പൂർത്തിയാകും. മാർച്ച് 28 മുതൽ ഇതു വരെ 143 പേരാണ് പത്രിക നൽകിയത്. പലരും ഒന്നിലേറെ സെറ്റ് സമർപ്പിച്ചതിനാൽ പത്രികളുടെ എണ്ണം കൂടുതലാണ്. ആകെ ലഭിച്ചത് 234 നാമനിർദ്ദേശ പത്രികകളാണ്. ഏറ്റവുമധികം കൊല്ലത്തും തൃശൂരുമാണ്(11 വീതം). കാസർകോടും കണ്ണൂരും 10 പേർ വീതം.ഏറ്റവും കുറവ് പത്തനംതിട്ടയിൽ(3).ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ പത്രികകൾ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ഏപ്രിൽ 5 ന് നടക്കും.

ഇന്നലെ സംസ്ഥാനത്ത് 87 സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.തിരുവനന്തപുരം 5, ആറ്റിങ്ങൽ 7, കൊല്ലം 5, പത്തനംതിട്ട 6, മാവേലിക്കര 3, ആലപ്പുഴ 7, കോട്ടയം 11, ഇടുക്കി 10, എറണാകുളം 7, ചാലക്കുടി 6, തൃശൂർ 13, ആലത്തൂർ 4, പാലക്കാട് 4, പൊന്നാനി 7, മലപ്പുറം 9, കോഴിക്കോട് 9, വയനാട് 7, വടകര 5, കണ്ണൂർ 17, കാസർകോട് 10.

കമ്മിഷന്റെ നിബന്ധനകൾ

 വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളുടെ സ്ഥാനം, ലഭ്യമായ സൗകര്യങ്ങൾ, വോട്ടർ അസിസ്റ്റൻസ് ബൂത്ത് എന്നിവയെക്കുറിച്ച് മാർഗ്ഗനിർദ്ദേശം നൽകുന്നതിന് ശരിയായ അടയാളങ്ങൾ പോളിംഗ് സ്റ്റേഷനുകളിൽ സ്ഥാപിക്കണം. ഇംഗ്ലീഷിലും മലയാളത്തിലും നീലയും വെള്ളയും നിറത്തിലായിരിക്കണം.

 പോളിംഗ് സ്റ്റേഷനുള്ള സ്‌കൂൾ കെട്ടിടങ്ങളുടെ ചുവരുകളിലെ ചിത്രങ്ങളും ഭൂപടങ്ങളും നശിപ്പിക്കപ്പെടരുത്.

 പോളിംഗ് സ്റ്റേഷനുകളിലെ തിരഞ്ഞെടുപ്പിനെത്തുടർന്നുള്ള മാലിന്യം ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു നീക്കം ചെയ്തുവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ഉറപ്പാക്കണം.