 സുപ്രീംകോടതിയിൽ ഹർജി ദുരിതാശ്വാസ ഫണ്ട് കിട്ടുന്നില്ല: കേന്ദ്രത്തിനെതിരെ തമിഴ്നാട്

Thursday 04 April 2024 12:52 AM IST

ന്യൂഡൽഹി: മിഷോങ് ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും കേന്ദ്രസഹായം ലഭിക്കാത്തത് ഡി.എം.കെപ്രചാരണ ആയുധമാക്കുന്നതിനിടെ ദുരിതാശ്വാസ ഫണ്ടിനായി തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെയും സമീപിച്ചു. പ്രകൃതി ദുരന്തങ്ങൾക്കുള്ള ദുരിതാശ്വാസ ഫണ്ട് കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരിക്കുകയാണെന്നും 37,​900 കോടി അനുവദിക്കാൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു. ഇതിൽ 2000 കോടി ഉടൻ കൈമാറാൻ ഇടക്കാല ഉത്തരവിടണം. ഇടക്കാല ആശ്വാസത്തിനായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 2023 ഡിസംബർ 19നും കഴിഞ്ഞ ജനുവരി 10നും കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. ഫണ്ട് നൽകാത്ത കേന്ദ്രനടപടി വിവേചനപരവും ഏകപക്ഷീയവും നിയമവിരുദ്ധവും​ പൗരന്മാരുടെ മൗലികാവകാശം ലംഘിക്കുന്നതുമാണ്. കേന്ദ്രവും സംസ്ഥാനവും തമ്മിൽ നിയമപരമായ വിഷയങ്ങളിൽ തർക്കമുണ്ടായാൽ ഇടപെട്ട് തീരുമാനമെടുക്കാൻ ഭരണഘടന അനുച്ഛേദം 131 പ്രകാരം സുപ്രീംകോടതിക്ക് നൽകിയിരിക്കുന്ന സവിശേഷാധികാരം പ്രയോഗിക്കണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടു.

തുടർച്ചയായ ഹർജികൾ

വരൾച്ചാ ദുരിതാശ്വാസ പ്രവർത്തനത്തിനായി കേന്ദ്രം ഫണ്ട് നൽകുന്നില്ലെന്ന് ആരോപിച്ച് കർണാടക കഴിഞ്ഞമാസം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 18,​171 കോടി കൈമാറാൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടു. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരളം സമർപ്പിച്ച ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയാണ്. ഇതിനു പുറമെയാണ് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവർണമാർക്കെതിരെയുള്ള ഹർജികൾ. ബില്ലുകളിൽ അടയിരിക്കുന്ന ഗവർണർമാർക്കെതിരെ കേരളം, തമിഴ്നാട്, തെലങ്കാന, പഞ്ചാബ്, പശ്ചിമബംഗാൾ സർക്കാരുകൾ ഹർജി നൽകിയിട്ടുണ്ട്. ബില്ലുകളിൽ തീരുമാനമെടുക്കാത്ത രാഷ്ട്രപതിയുടെ നടപടിക്കെതിരെയും കേരളം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

Advertisement
Advertisement