മാനഭംഗത്തിനിരയായ ദളിത് പെൺകുട്ടിയോട് അപമര്യാദ; മജിസ്‌ട്രേറ്റിനെതിരെ കേസ്

Thursday 04 April 2024 12:57 AM IST

ജയ്‌പൂർ: കൂട്ടമാനഭംഗത്തിനിരയായ ദളിത് പെൺകുട്ടിയുടെ വസ്‌ത്രം മാറ്റാൻ ആവശ്യപ്പെട്ട മജിസ്ട്രേറ്റിനെതിരെ കേസ്. രാജസ്ഥാനിലെ കരൗലി ജില്ലയിലെ ഹിന്ദൗണിലാണ് സംഭവം. പെൺകുട്ടിയുടെ മുറിവുകൾ കാണണമെന്ന വ്യാജേന വസ്ത്രം മാറ്റാൻ മജിസ്ട്രേറ്റ് ആവശ്യപ്പെടുകയായിരുന്നു.

ഐ.പി.സി, എസ്.സി/ എസ്.ടി സെക്ഷൻ 345 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ മാർച്ച് 19നാണ് പെൺകുട്ടി കൂട്ട മാനഭംഗത്തിനിരയായത്. പെൺകുട്ടി കോടതിയെ സമീപിക്കുകയും മാർച്ച് 27 ന് ഹിന്ദൗൺ സദർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. 30ന് മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി രേഖപ്പെടുത്താൻ എത്തിയപ്പോൾ മുറിവുകൾ കാണാനെന്ന വ്യാജേന വസ്ത്രം മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. പെൺകുട്ടി വിസമ്മതിക്കുകയും വനിതാ മജിസ്‌ട്രേറ്റിന് മുന്നിൽ മാത്രമേ മുറിവുകൾ കാണിക്കുകയുള്ളുവെന്നും വ്യക്തമാക്കി. മൊഴി രേഖപ്പെടുത്തിയതിന് ശേഷം പെൺകുട്ടി മജിസ്ട്രേറ്റിനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Advertisement
Advertisement