ഭിക്ഷക്കാരന്റെ ആക്രമണത്തിൽ ടിടിഇയുടെ കണ്ണിന് പരിക്ക്; സംഭവം തിരുവനന്തപുരത്ത്

Thursday 04 April 2024 9:48 AM IST

തിരുവനന്തപുരം: ടിടിഇയെ അന്യസംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് മറ്റൊരു സംഭവം കൂടി പുറത്തുവരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരം - കണ്ണൂർ ജനശദാബ്‌ദിയിൽ ടിടിഇയെ ഭിക്ഷാടകൻ ആക്രമിക്കുകയായിരുന്നു. ജെയ്‌സൺ തോമസ് എന്ന ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. ട്രെയിൻ നീങ്ങിത്തുടങ്ങിയതിന് പിന്നാലെയാണ് അക്രമം ഉണ്ടായത്. ഉടൻതന്നെ അക്രമി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.

തിരുവനന്തപുരത്ത് വച്ചായിരുന്നു സംഭവം. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെ ഇയാൾ ടിടിഇയോട് മോശമായി സംസാരിച്ചു. തുടർന്ന് ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ കഴിയില്ലെന്നും ഇറങ്ങിപ്പോകണമെന്നും ആവശ്യപ്പെട്ടപ്പോഴാണ് പ്രതി ടിടിഇയെ ആക്രമിച്ചത്. ഉദ്യോഗസ്ഥന്റെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്. ആദ്യം ഇയാൾ ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാരോടും കച്ചവടക്കാരോടും ഇയാൾ മോശമായി സംസാരിച്ചു. പ്ലാറ്റ്‌ഫോമിൽ നിന്ന കച്ചവടക്കാരനെ തള്ളിമാറ്റിയാണ് ഇയാൾ ട്രെയിനിനകത്ത് കടന്നതെന്ന് ടിടിഇ ജെയ്‌സൺ തോമസ് പറഞ്ഞു.

'തിരുവനന്തപുരം സ്റ്റേഷനിൽ വച്ച് മുഷിഞ്ഞ മുണ്ടുടുത്ത ഒരാൾ ട്രെയിനിൽ കയറി. 55-58 വയസ് തോന്നിക്കും. കയറിയപാടെ അവിടെയുണ്ടായിരുന്ന കച്ചവടക്കാരെ തള്ളിയിടാൻ ഇയാൾ ശ്രമിച്ചു. ഞാൻ ചോദിച്ചപ്പോൾ അവിടെ തുപ്പി. തുടർന്ന് എന്നെ കൈകൊണ്ട് ഇടിക്കാൻ വന്നു. മാന്താൻ ശ്രമിച്ചപ്പോൾ ഞാൻ ഒഴിഞ്ഞുമാറി. പിന്നാലെ വീണ്ടും ആക്രമിക്കാൻ വന്നപ്പോൾ എന്റെ മാസ്‌ക് കീറിപ്പോയി. കണ്ണിന് താഴെ അയാളുടെ നഖം കൊണ്ട് മുറിവുണ്ടായി. ചെയിൻ വലിച്ചു ട്രെയിൻ നിർത്തിയതിനുശേഷം ഗാർഡ് വന്ന് ഫസ്റ്റ് എയ്ഡ് തന്നു. സഹപ്രവർത്തകരും ഓടിവന്നു. മുറിവ് ആഴമില്ലാത്തതായതിനാൽ ഞാൻ ഡ്യൂട്ടി തുടർന്നു. എറണാകുളത്ത് എത്തിയശേഷം ആശുപത്രിയിൽ പോയി ചികിത്സ തേടും.' - ജെയ്‌സൺ തോമസ് പറഞ്ഞു.

Advertisement
Advertisement