'സിബിഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു'; സിദ്ധാർത്ഥിന്റെ പിതാവ് ഹൈക്കോടതിയിൽ, ഹർജി നാളെ പരിഗണിക്കും

Thursday 04 April 2024 3:50 PM IST

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകുന്നതിനെതിരെ പിതാവ് ജയപ്രകാശ് ഹൈക്കോടതിയിൽ. സിബിഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും ബോധപൂർവം ശ്രമം ഉണ്ടായി എന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.

കേസന്വേഷണം വൈകിക്കഴിഞ്ഞാൽ നിലവിൽ ജയിലിൽ കഴിയുന്ന പ്രതികൾക്ക് ജാമ്യം ലഭിക്കുമോ എന്ന ആശങ്കയും സിദ്ധാർത്ഥിന്റെ അച്ഛൻ പ്രകടിപ്പിച്ചു. ഇവർ പുറത്തുപോയിക്കഴിഞ്ഞാൽ തെളിവുകൾ നശിപ്പിക്കാൻ സാദ്ധ്യതയുണ്ട്. ഇങ്ങനെ പോയാൽ സിബിഐ എത്തുമ്പോൾ തെളിവുകൾ ലഭിക്കില്ല. അതിനാൽ, അന്വേഷണം വൈകിപ്പിക്കാൻ സർക്കാർ ബോധപൂർവമായ ശ്രമം നടത്തുകയാണ്. അതിനാലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിൽ പറഞ്ഞിട്ടുണ്ട്.

സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിലുള്ളവർ ആന്റി റാഗിംഗ് സ്ക്വാഡിന് നൽകിയ മൊഴിയിൽ ദുരൂഹതയുണ്ടെന്ന റിപ്പോർട്ട് നേരത്തേ പുറത്തുവന്നിരുന്നു. ഹോസ്റ്റലിലെ ശുചിമുറിയിൽ സിദ്ധാർത്ഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ദിവസം ഹോസ്റ്റലിലുള്ളവർ കൂട്ടത്തോടെ ബത്തേരിയിലും കൽപ്പറ്റയിലും സിനിമയ്‌ക്ക് പോയെന്നും, കുറച്ചുപേർ തലശേരിയിലെയും കണ്ണൂരിലെയും ഉത്സവങ്ങൾക്ക് പോയെന്നുമാണ് മൊഴിയിൽ പറഞ്ഞിട്ടുള്ളത്. സിദ്ധാർത്ഥിന്റെ മരണം കൊലപാതകമാണെന്ന ആരോപണം ശക്തമാകുന്ന സാഹചര്യത്തിൽ, ഹോസ്റ്റലിലുള്ളവരെ ബോധപൂർവം മാറ്റിനിർത്താനായിരുന്നോ ഈ നടപടിയെന്ന സംശയമാണുയരുന്നത്.

Advertisement
Advertisement