'ഇന്ധനവില കുറയ്‌ക്കും, ഗവർണറെ നിയമിക്കാൻ സമിതി'; വമ്പൻ വാഗ്ദാനങ്ങളുമായി സിപിഎം പ്രകടന പത്രിക
Thursday 04 April 2024 4:47 PM IST
ന്യൂഡൽഹി: വമ്പൻ വാഗ്ദാനങ്ങളുമായി സിപിഎം പ്രകടനപത്രിക. ഇന്ധന വില കുറയ്‌ക്കും, വിലക്കയറ്റം നിയന്ത്രിക്കും, സിഎഎ റദ്ദാക്കും, കേന്ദ്ര നികുതിയിൽ 50 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകുമെന്നാണ് സിപിഎമ്മിന്റെ പ്രധാന വാഗ്ദാനം. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗങ്ങളും ചേർന്നാണ് പ്രകടനപത്രിക പ്രകാശനം ചെയ്‌തത്.
വാഗ്ദാനങ്ങൾ:
- സംസ്ഥാന ചെലവിൽ ഗവര്‍ണര്‍ കേന്ദ്ര നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നീക്കം തടയും.
- ജിഡിപിയിൽ ആറ് ശതമാനം വിദ്യാഭ്യാസത്തിന് നീക്കിവയ്‌ക്കും.
- സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങൾ പുനഃസ്ഥാപിക്കും.
- സര്‍ക്കാര്‍ മേഖലയിലേതിന് സമാനമായ രീതിയിൽ സ്വകാര്യ രംഗത്തും സംവരണം ഏർപ്പെടുത്തും.
- ജാതി സെൻസസ് നടപ്പാക്കും.
- തിരഞ്ഞെടുപ്പിൽ പാർട്ടികൾക്ക് സർക്കാർ ഫണ്ട് ഉൾപ്പെടുത്തും.
- കോർപ്പറേറ്റ് സംഭാവന നിരോധിക്കും.
- വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് നിയമം കൊണ്ടുവരും.
- യുഎപിഎയും കള്ളപ്പണ നിരോധന നിയമവും കിരാതമാണ്.
- ബിജെപിയെയും എൻഡിഎ സഖ്യകക്ഷികളെയും തോൽപിക്കാൻ ആഹ്വാനം ചെയ്യും.
- സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ശക്തി വർദ്ധിപ്പിക്കും.
- കേന്ദ്രത്തിൽ മതേതര സർക്കാരിനെ കൊണ്ടുവരും.
- തൊഴിലുറപ്പ് കൂലി ഇരട്ടിയാക്കും.
- ജമ്മു കാശ്‌മീരിന്റെ സംസ്ഥാനപദവി തിരികെനൽകി തിരഞ്ഞെടുപ്പ് നടത്തും.