ഗുണ്ടാസംഘങ്ങൾ തലപൊക്കുന്നു

Friday 05 April 2024 12:12 AM IST

തിരുവനന്തപുരത്ത് മണ്ണന്തലയിൽ നാടൻ ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനം തലസ്ഥാനത്ത് ഈ ഇലക്‌ഷൻ വേളയിൽ ഗുണ്ടാസംഘങ്ങൾ തലപൊക്കിത്തുടങ്ങി എന്നതിന്റെ ലക്ഷണമായി കരുതാം. ബോംബ് സ്ഫോടനത്തിൽ ഒരു പതിനേഴുകാരന്റെ രണ്ടു കൈപ്പത്തിയും ചിന്നിച്ചിതറി. ഇതു കൂടാതെ മറ്റ് നാലു യുവാക്കൾക്കും പരിക്കേറ്റു. മണ്ണന്തല സ്റ്റേഷൻ പരിധിയിൽ പകൽ സമയത്താണ് സ്ഫോടനം നടന്നത്. രണ്ടു ബൈക്കുകളിലായി എത്തിയ പ്രതികൾ ഒരു ഒഴിഞ്ഞ പുരയിടത്തിലിരുന്ന് നാടൻ ബോംബ് നിർമ്മിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായാണ് ബോംബ് നിർമ്മാണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം പൊലീസിനെ ആക്രമിക്കാനുള്ള ലക്ഷ്യവും പ്രതികൾക്കുണ്ടായിരുന്നു എന്ന് സൂചനയുണ്ട്.

നിർമ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചില്ലായിരുന്നെങ്കിൽ ഇതേ ബോംബ് ഉപയോഗിച്ച് ഇവർ രണ്ടുദിവസത്തിനുള്ളിൽ ആക്രമണം നടത്തുമായിരുന്നു. പ്രതികൾക്കെല്ലാം ഇരുപതു വയസ്സിൽ താഴെയാണ് എന്നത് സംഭവത്തിന്റെ ഗൗരവം ഇരട്ടിപ്പിക്കുന്നു. ഈ പ്രായത്തിലുള്ളവർ മുന്നുംപിന്നും നോക്കാതെ ഏതു ക്രൂരകൃത്യത്തിനും എടുത്തുചാടാം. ഇവരെ നിയന്ത്രിക്കുന്ന ഗുണ്ടാത്തലവന്മാർക്കെതിരെയാണ് അന്വേഷണം നീളേണ്ടത്. അടിപിടി, വധശ്രമം തുടങ്ങിയ കേസുകളിലെ പ്രതികളാണിവർ. ഇവരെ നിരീക്ഷിക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കേണ്ടതാണ്. തലസ്ഥാനത്തെയും പ്രാന്തപ്രദേശങ്ങളിലെയും ഒഴിഞ്ഞ പുരയിടങ്ങളാണ് പലപ്പോഴും ഗുണ്ടാസംഘങ്ങൾ ഒത്തുചേരലിനും ഗൂഢാലോചനയ്ക്കും ആയുധം ഒളിപ്പിച്ചുവയ്ക്കുന്നതിനും മറ്റും ഉപയോഗിക്കുന്നത്. ഇത്തരം സ്ഥലങ്ങളിൽ പൊലീസ് അടിക്കടി പട്രോളിംഗ് നടത്തിയാൽ തന്നെ ഇവരുടെ കൂടിച്ചേരലുകൾ നിലയ്ക്കും.

എന്നാൽ,​ ഒരു അക്രമസംഭവം ഉണ്ടാകുമ്പോൾ ഉണരുന്ന പൊലീസ് തുടർന്ന് അതേ രീതിയിൽ പരിശോധനയും മറ്റും തുടരാതെ പിൻവലിയും. ഇതു മനസ്സിലാക്കി തുടക്കത്തിൽ മുങ്ങുന്ന ഗുണ്ടകൾ പിന്നീട് തലപൊക്കുകയും ജനങ്ങളെയും പൊലീസിനെ തന്നെയും വെല്ലുവിളിക്കുകയും ചെയ്യുന്ന പതിവാണ് ഇവിടെ ആവർത്തിക്കുന്നത്. ചില പ്രധാനപ്പെട്ട ഗുണ്ടാ നേതാക്കളെ പൊലീസ് പൂട്ടുമ്പോൾ പുതിയ സംഘങ്ങൾ രൂപപ്പെട്ടുവരുന്നത് തടയാനായിട്ടില്ല. ഒഴിഞ്ഞ പറമ്പുകളിൽ ബോംബ് നിർമ്മാണം നടത്തി ഇവർ ഉപേക്ഷിക്കുന്ന അവശിഷ്ടങ്ങൾ നിരപരാധികളായ മറ്റു പലരുടെയും ജീവനെടുക്കാനും ഇടയാക്കാം. കണ്ണൂരിലും മറ്റും ഇത്തരം നിരവധി സംഭങ്ങൾ നടന്നിട്ടുണ്ട്. വലിയ തോതിലുള്ള വികസനത്തിന്റെ പാതയിലാണ് തലസ്ഥാനം. സ്വാഭാവികമായും പണത്തിന്റെ വരവും ചെലവും കൂടുതലായിരിക്കും. ഇതിന്റെ മറവിൽ ഗുണ്ടാസംഘങ്ങളും പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ സിറ്റി പൊലീസ് ഗുണ്ടാപ്രവർത്തനങ്ങൾക്കെതിരെയുള്ള നടപടികൾക്ക് പ്രത്യേക വിഭാഗം രൂപീകരിച്ച് നടപടികൾ സ്വീകരിക്കേണ്ടതാണ്.

Advertisement
Advertisement