ആറുലക്ഷത്തിലധികം രൂപ തട്ടിയ പ്രതി അറസ്റ്റിൽ

Friday 05 April 2024 12:25 AM IST

തൃശൂർ: ആറുലക്ഷത്തിലധികം രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ ഉത്തർപ്രദേശിൽ നിന്നും തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. പേപ്പർ വാങ്ങുന്നതിനായി ഓർഡർ കൊടുത്ത 6,82000 രൂപ തട്ടിപ്പുനടത്തിയ കേസിലെ പ്രതിയായ ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശിയായ നീതിഷ് അഗർവാൾ (35) എന്നയാളെയാണ് സൈബർക്രൈം പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. മാടക്കത്തറ സ്വദേശിയായ വ്യക്തി എ- 4 ഷീറ്റ് ഓർഡർ ചെയ്യുന്നതിനായി ഗൂഗിളിൽ ഇന്ത്യാമാർട്ട് എന്ന സൈറ്റ് സെർച്ച് ചെയ്തതോടെ ഓം എന്റർപ്രൈസിന്റെ അധികൃതരെന്ന് പറഞ്ഞ് ഫോൺ കോൾ വരികയായിരുന്നു. പണം അയച്ചാൽ രണ്ടുമൂന്ന് ദിവസത്തിനുള്ള ഓർഡർ തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് 6,82000 രൂപ ഓർഡറിനായി വാങ്ങുകയായിരുന്നു. ഓർഡറോ പണമോ ലഭിക്കാതെയായപ്പോൾ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

തുടർന്ന് ഉത്തർപ്രദേശിലെത്തിയ അന്വേഷണ സംഘം ദിവസങ്ങളോളം അന്വേഷിച്ചാണ് ഗാസിയാബാദിലുള്ള തിയാമോഡ് പൊലീസിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റുചെയ്തത്. അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ വി.എസ്. സുധീഷ്‌കുമാർ, സബ് ഇൻസ്‌പെക്ടർ ആർ.എൻ. ഫൈസൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിനോദ് എൻ. ശങ്കർ, സിവിൽ പൊലീസ് ഓഫീസർമാരായ വി.ബി. അനൂപ്, കെ. അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Advertisement
Advertisement