ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം, സി പി എം നേതാവിന്റെ മകനടക്കം രണ്ട് പേർക്ക് പരിക്ക്; ഒരാളുടെ കൈപ്പത്തി പൂർണമായും തകർന്നു

Friday 05 April 2024 9:58 AM IST

കണ്ണൂർ: പാനൂരിൽ ബോംബ് സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരിക്ക്. മുളിയാത്തോട് സ്വദേശി വിനീഷ്, പുത്തൂർ സ്വദേശി ഷെറിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

വിനീഷും ഷെറിനും സി പി എം പ്രവർത്തകരാണ്. വീടിന്റെ ടെറസിൽ വച്ച് ബോംബ് നിർമിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ഒരാളുടെ മുഖത്താണ് പരിക്കേറ്റത്. മറ്റേയാളുടെ കൈപ്പത്തി പൂർണമായും തകർന്നു.

നാല് പേർക്ക് പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്. പ്രാദേശിക സി പി എം നേതാവിന്റെ മകനാണ് വിനീഷ്.