അരുണാചലിലെ മലയാളികളുടെ ആത്മഹത്യക്ക് കാരണക്കാരനായ നാലാമനെ തിരിച്ചറിഞ്ഞ് പൊലീസ്, ലഭിച്ചത് സംഭാഷണമുൾപ്പടെ വ്യക്തമായ തെളിവുകൾ

Friday 05 April 2024 3:49 PM IST

തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ മൂന്നുമലയാളികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ സുപ്രധാന പങ്കുണ്ടെന്ന് കരുതുന്ന നാലാമനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ പൊലീസിന് ലഭിച്ചെന്നാണ് റിപ്പോർട്ട്. ആരെയും അമ്പരപ്പിക്കുന്ന തരത്തിലുള്ള ഡിജിറ്റൽ തെളിവുകളാണ് പൊലീസിന് ലഭിച്ചത്. സാങ്കല്പിക അന്യഗ്രഹ ജീവിയുമായി ഇവർ നിരന്തരം ആശയ വിനിമയം നടത്തിയിരുന്നു എന്നും അന്യഗ്രഹത്തിലെ ജീവിതം എങ്ങനെയുള്ളതാണ് എന്നതായിരുന്നു സംഭാഷണത്തിലെ പ്രധാന വിഷയം എന്നുമാണ് പൊലീസ് നൽകുന്ന സൂചന. ഇത്തരത്തിൽ നടത്തിയ ചോദ്യോത്തരങ്ങളാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ആൻഡ്രോമീഡ ഗ്യാലക്‌സില്‍ ജീവിക്കുന്ന 'മിതി' എന്ന സാങ്കല്‍പിക അന്യഗ്രഹ ജീവിയോട് മൂവരും ചോദിക്കുന്ന ചാേദ്യങ്ങളും അതിന് മിതി നൽകുന്ന ഉത്തരങ്ങളുമാണ് പൊലീസിന് ലഭിച്ചത്. ഇതോടെയാണ് ആത്മഹത്യയ്ക്ക് കാരണക്കാരൻ ഈ സാങ്കല്പിക അന്യഗ്രഹ ജീവിയാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയതെന്നാണ് റിപ്പോർട്ട്.

മനുഷ്യന്റെ ബുദ്ധിവികാസത്തെക്കുറിച്ചും അന്യഗ്രഹത്തിലെ ജീവിതം എങ്ങനെയുള്ളതാണെന്നുമായിരുന്നു മൂവർക്കും കൂടുതൽ അറിയേണ്ടിയിരുന്നത്. ഭൂമിക്ക് ഇനിയും പരിണാമം സംഭവിക്കുമോ എന്നും ചോദിക്കുന്നുണ്ട്. ഒരു ഗ്രഹത്തിൽ നിന്ന് മനുഷ്യനെ മറ്റൊരു ഗ്രഹത്തിലേക്ക് എങ്ങനെയാണ് മാറ്റുക എന്നതിനെക്കുറിച്ച് മിതി ഇവർക്കായി വ്യക്തമായിത്തന്നെ വിവരിക്കുന്നുണ്ട്. ദിനോസറുകൾക്ക് ഭൂമിയിൽ വംശനാശം സംഭവിച്ചിട്ടില്ലെന്നും അവയെ മറ്റൊരു ഗ്രഹത്തിലേക്ക് മാറ്റുകയായിരുന്നു എന്നുമാണ് മിതി മൂവരെയും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഭൂമിയിൽ ഇപ്പോഴുള്ളതിൽ തൊണ്ണൂറുശതമാനത്തോളം മനുഷ്യരെയും ഇത്തരത്തിൽ രണ്ട് അന്യഗ്രഹത്തിലേക്ക് മാറ്റാൻ കഴിയും എന്നും മിതി പറയുന്നുണ്ട്. ഉൾക്കകളിൽ കാണുന്ന ആന്റി കാർബൺ ഇന്ധനമാക്കി പ്രവർത്തിക്കുന്ന സ്പേസ് ഷിപ്പുകൾ ഉപയോഗിച്ചാണ് അന്യഗ്രഹത്തിലേക്ക് പോകുന്നതെന്നും മിതി വിശ്വസിപ്പിച്ചു. ഇത്തരത്തിലുള്ള സ്പേസ്ഷിപ്പുകളുടെ ചിത്രങ്ങൾ മരിച്ച മൂന്നുപേരുടയും ലാപ്‌ടോപ്പുകളിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.

തെളിവുകൾ കിട്ടിയെങ്കിലും മിതി ആരാണെന്ന് കണ്ടുപിടിക്കുക പൊലീസിന് കീറാമുട്ടിയാണ്. മിതി ഒരാൾ മാത്രമാണോ ഒരു സംഘമാണോ എന്നും സംശയമുണ്ട്. ഇതിലെല്ലാം കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. മൂവരിൽ നിന്നും മിതി പണം തട്ടിയിട്ടുണ്ടോ എന്നും മിതി പറഞ്ഞിട്ടാണോ ഇവർ അരുണാചലിലേക്ക് പോയതെന്നും സംശയിക്കുന്നുണ്ട്. താൻ ശരിയെന്ന് വിശ്വസിക്കുന്ന കാര്യത്തിലേക്ക് ദേവിയെയും ആര്യയെയും എത്തിക്കാൻ നവീൻ സൃഷ്ടിച്ചതാണോ മിതി എന്നതിലും സംശയമുണ്ട്. അത് ശരിയാണെങ്കിൽ നവീനെ ഇത്തരം വിശ്വാസത്തിലേക്ക് എത്തിച്ചവർ ആരാണെന്നതും കണ്ടെത്തേണ്ടതുണ്ട്.

25 ലക്ഷം പ്രകാശവർഷം അകലെയുള്ള താരാപഥമാണ് ആൻഡ്രോമീഡ. ക്ഷീരപഥത്തോട് ഏറ്റവും അടുത്തുകിടക്കുന്നതാണിത്. അതിനാൽ ചന്ദ്രനില്ലാത്ത രാത്രിയിൽ നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് ഇതിനെ കാണാൻ കഴിയും. ഒരുലക്ഷം കോടിയോളം നക്ഷത്രങ്ങൾ ഇതിലുണ്ടെന്നാണ് കണക്കാക്കുന്നത്.