രാമേശ്വരം കഫേ സ്ഫോടനം; ബിജെപി  പ്രവർത്തകൻ എൻഐഎ കസ്റ്റഡിയിൽ

Friday 05 April 2024 5:48 PM IST

ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ബിജെപി പ്രവർത്തകനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ശിവമൊഗ തീർത്ഥഹള്ളിയിൽ നിന്നുള്ള സായ് പ്രസാദിനെയാണ് എൻഐഎ ചോദ്യം ചെയ്യാനായി കസ്റ്റ‌ിയിലെടുത്തത്.

രാമേശ്വരം കഫേ സ്ഫോടനക്കേസിലെ രണ്ട് പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് സായ് പ്രസാദിനെ ചോദ്യം ചെയ്യുന്നത്. കേസിന്റെ ഭാഗമായി ശിവമൊഗയിലെ വിവിധ വീടുകളിലും കടയിലും കഴിഞ്ഞയാഴ്ച എൻഐഎ റെയ്ഡ് നടത്തിയിരുന്നു.

മാർച്ച് ഒന്നിനാണ് ബംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഏരിയയിലെ കഫേയിൽ സ്ഫോടനം നടന്നത്. മാർച്ച് മൂന്നിനാണ് കേസ് എൻഐഎയ്‌ക്ക് കൈമാറിയത്. തിരക്കേറിയ ഉച്ച സമയത്തായിരുന്നു കഫേയിൽ സ്ഫോ‌ടനമുണ്ടായത്. പത്തുപേർക്ക് പരിക്കേറ്റിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് മാർച്ച് 28ന് കർണാടക സ്വദേശി മുസമ്മിൽ ശരീഫിനെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.

കൂടാതെ മുസ്സവിർ ഷസീഖ് ഹുസെെൻ എന്നയാളാണ് ബോംബ് വച്ചതെന്ന് തിരിച്ചറിഞ്ഞതായി എൻഐഎ വ്യക്തമാക്കിയിരുന്നു. ഇയാൾ ഒളിവിലാണ്. അബ്ദുൽ മതീൻ താഹയാണ് മറ്റൊരു ആസൂത്രകൻ. ഇവർക്ക് വേണ്ടി തെരച്ചിൽ നടത്തുകയാണ് .

പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. വിവരം നൽകുന്നവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തില്ലെന്നും എൻഐഎ ഉറപ്പ് നൽകിയിട്ടുണ്ട്. കഫേയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച പ്രതിയുടെ ചിത്രവും ഉദ്യോഗസ്ഥർ പുറത്തുവിട്ടിരുന്നു.

Advertisement
Advertisement