ഉരുകിയൊലിച്ച് കേരളം

Saturday 06 April 2024 12:06 AM IST

കഴിഞ്ഞ സീസണിൽ 33 ശതമാനം കുറവ് വേനൽമഴയാണ് ലഭിച്ചത്

വേനൽച്ചൂട് സംസ്ഥാനത്തെയാകെ പൊള്ളിക്കുകയാണ്. കനത്ത ചൂട് കാരണം പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത്. പലയിടങ്ങളിലും 38 ഡിഗ്രി സെൽഷ്യസ് വരെ ആണ് താപനില. മാർച്ച് മുതലാണ് സാധാരണ വേനൽക്കാലം ആരംഭിക്കാറുള്ളതെങ്കിൽ ഇത്തവണ ജനുവരി മുതലേ ചുട്ടുപൊള്ളാൻ തുടങ്ങി. 2023 വർഷത്തിലാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ചൂട് കൂടിയ വർഷം. അതിന് മുമ്പ് 2016-ൽ ആയിരുന്നു റെക്കാർഡ് താപനില.

കാല വർഷം പോലെ കൃത്യമായി പ്രവചിക്കാൻ പറ്റുന്നതല്ല നമ്മുടെ വേനൽ മഴ. പൊതുവേ നമുക്ക് നല്ല രീതിയിലുള്ള വേനൽ മഴ ലഭിക്കാറുണ്ട്. പക്ഷേ, കഴിഞ്ഞ സീസണിൽ 33 ശതമാനം കുറവ് വേനൽ മഴയാണ് ലഭിച്ചത്. അതിനാൽത്തന്നെ ജല ലഭ്യതയുടെ കുറവ് സംസ്ഥാനത്തുണ്ട്. തെക്ക് - പടിഞ്ഞാറൻ കാലവർഷത്തിൽ മഴ കുറഞ്ഞതിനാൽ നമ്മുടെ റിസർവോയറുകളിലുൾപ്പെടെ വെള്ളത്തിന്റെ കുറവുണ്ട്. ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ അത്യാവശ്യം മഴ ലഭിച്ചാൽ മാത്രമേ വെള്ളത്തിന്റെ ദൗർലഭ്യം നമുക്ക് പരിഹരിക്കാൻ സാധിക്കൂ.

നേരത്തെ ഡിസംബർ, ജനുവരി മാസങ്ങളിൽ പൊതുവേ തണുപ്പായിരുന്നു. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിന്റെ കാലാവസ്ഥയിൽ വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ചൂടായാലും തണുപ്പായാലും അതിന്റെ പരമാവധി അനുഭവപ്പെടുന്നു എന്നതാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സംഭവിക്കുന്ന പ്രധാന കാരണം. പാലക്കാടും പുനലൂരും ഉൾപ്പെടെ കേരളത്തിൽ ചൂട് കൂടുതൽ അനുഭവപ്പെടുന്ന സ്ഥലങ്ങൾ മുമ്പുണ്ടായിരുന്നില്ല. പക്ഷെ, ഇപ്പോൾ പട്ടിക വലുതായി വരുകയാണ്. ആലപ്പുഴ ജില്ലയിൽ ചൂട് 37 ഡിഗ്രി സെൽഷ്യസിൽ എത്തുകയെന്നാൽ പാലക്കാട് 42 ഡിഗ്രി സെൽഷ്യസിൽ എത്തുന്നത് പോലെ ഗുരുതരമാണ്. ആലപ്പുഴ തീരദേശ ജില്ലയാണ്. അതുകൊണ്ട് തന്നെ സ്വാഭാവികമായും അവിടെ ഈർപ്പമുണ്ടാകും. 37 ഡിഗ്രി ചൂട് തന്നെ അവിടെ ഗുരുതര പ്രശ്നങ്ങുണ്ടാക്കും. പശ്ചിമഘട്ടത്തിന്റെ വിടവുള്ള പ്രദേശങ്ങളായതിനാൽ തന്നെ അവിടെ ചൂട് കൂടുതലാണ്. കൃഷിയുൾപ്പെടെ അവരുടെ ജീവിത രീതി അതുമായി ബന്ധപ്പെട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.

താപനില ഉയരുന്നത് നമ്മുടെ എല്ലാ മേഖലകളേയും ബാധിക്കുന്ന വിഷയമാണ്. പക്ഷേ, നമ്മുടെ പ്രധാന ആശങ്ക ആരോഗ്യ കാര്യത്തിൽ തന്നെയാണ്. സൂര്യാഘാതവും സൂര്യാതാപവും നമുക്ക് ഉണ്ടാകാം. യൂറോപ്പിൽ ഉഷ്ണതാപം മൂലം പതിനായിരക്കണക്കിന് പേർ മരിച്ചിരുന്നു. ചൂട് എല്ലാ മേഖലയിലുമുള്ള നമ്മുടെ ഉത്പാദനക്ഷമതയെ വലിയ തോതിൽ ബാധിക്കാനിടയുണ്ട്. നമ്മുടെ കൃഷിയെ പ്രതികൂലമായി ബാധിക്കും. കൃഷി പാറ്റേണിൽ മാറ്റം വരും. വളർത്ത് മൃഗങ്ങളെയും ബാധിക്കുന്നതിനാൽ ക്ഷീരമേഖലയ്ക്ക് വെല്ലുവിളിയാണ്.

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനാൽ ഈ മാസം ഒമ്പത് വരെ കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും ആലപ്പുഴ,കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയും ഉയരാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നുണ്ട്.

മാർഗ

നിർദ്ദേശങ്ങൾ


11 മണി മുതൽ വൈകുന്നേരം മൂന്നു മണി വരെയുള്ള സമയത്ത് തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കുക. പരമാവധി കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കേണ്ടതുമാണ്. ചൂട് കൂടുമ്പോൾ കാട്ടുതീയ്ക്ക് സാദ്ധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പൊതുപരിപാടികളും സമ്മേളനങ്ങളും നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. നിർമ്മാണത്തൊഴിലാളികളും കർഷകത്തൊഴിലാളികളും വഴിയോരക്കച്ചവടക്കാരും കാഠിന്യമുള്ള മറ്റു ജോലികളിൽ ഏർപ്പെടുന്നവരും ജോലി സമയം ക്രമീകരിക്കുക. ജോലിക്കിടെ ആവശ്യമായ വിശ്രമം ഉറപ്പുവരുത്തുക. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക, കുട്ടികളെയോ വളർത്തു മൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല. മഴവെള്ളം ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക, അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക, കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിട്ടിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

Advertisement
Advertisement