കെ. കവിതയെ സി.ബി.ഐ ചോദ്യം ചെയ്യും

Saturday 06 April 2024 12:10 AM IST

ന്യൂഡൽഹി : മദ്യനയക്കേസിൽ തീഹാർ ജയിലിൽ കഴിയുന്ന ബി.ആർ.എസ് നേതാവ് കെ. കവിതയെ സി.ബി.ഐ ചോദ്യം ചെയ്യും. ഇന്നലെ ഡൽഹി റൗസ് അവന്യു കോടതി അനുമതി നൽകി. ജയിലിലെത്തി ഇന്ന് ചോദ്യംചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. സി.ബി.ഐ കേസിലും കവിതയുടെ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. ഇ.ഡി കേസിലെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച്ച റൗസ് അവന്യു കോടതി വിധി പറയാനിരിക്കുകയാണ്.

 വിഷമം തോന്നിയെന്ന് ഭഗത് സിംഗിന്റെ പേരക്കുട്ടി

ഭഗത് സിംഗിന്റെ ചിത്രത്തിനൊപ്പം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ജയിലഴിക്കുള്ളിൽ നിൽക്കുന്നതായുള്ള വീഡിയോ വന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ പേരക്കുട്ടി രംഗത്തെത്തി. ധീര വിപ്ലവകാരിക്കൊപ്പം ആരെയും താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് യാദവേന്ദ്ര സിംഗ് പ്രതികരിച്ചു. കേജ്രിവാളിന്റെ സന്ദേശം ഭാര്യ സുനിത ജനങ്ങളെ അറിയിക്കുന്ന വീഡിയോയുടെ പശ്ചാത്തലത്തിൽ ഭഗത് സിംഗിന് പുറമെ ഡോ.ബി.ആർ. അംബേദ്ക്കറുടെയും ചിത്രമുണ്ടായിരുന്നു.

 അതിഷിക്ക് നോട്ടീസ്

ബി.ജെ.പിയിൽ ചേർന്നില്ലെങ്കിൽ ഒരുമാസത്തിനകം തന്റെ വീട്ടിൽ ഇ.ഡി റെയിഡും, അറസ്റ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചതായുള്ള അതിഷിയുടെ വെളിപ്പെടുത്തലിൽ ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ്. ഏപ്രിൽ എട്ടിന് ഉച്ചയ്ക്ക് 12 മണിക്കകം മറുപടി നൽകണം. ബി.ജെ.പിയുടെ പരാതിയിലാണിത്. അതേസമയം ജയിലിൽ നിന്ന് ഉടൻ പുറത്തുവരുമെന്ന് ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തന്റെ മണ്ഡലത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിൽ അറിയിച്ചു. ആം ആദ്മി പാർട്ടി മികച്ച വിദ്യാഭ്യാസത്തിനും സ്കൂളുകൾക്കും വേണ്ടിയാണ് പോരാടുന്നത്. സ്വാതന്ത്ര സമരത്തിനു സമാനമാണിതെന്നും കത്തിൽ പറയുന്നു.