അടൽ മണ്ഡലത്തിൽ ഹാട്രിക്കിന് രാജ്നാഥ്

Saturday 06 April 2024 12:22 AM IST

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ എംപിമാരെ ലോക്‌‌സഭയിലേക്ക് അയയ്‌ക്കുന്ന ഉത്തർപ്രദേശിൽ നിന്നാണ് മിക്ക പ്രധാനമന്ത്രിമാരും മത്സരിച്ചത്. വാരാണസിയിൽ നരേന്ദ്രമോദിയിലൂടെ ആ ചരിത്രം തുടരുന്നു.

യു.പി തലസ്ഥാനമായ ലഖ്‌നൗവിൽ അതേപേരിലുള്ള ലോക്‌സഭാ മണ്ഡലം മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പേരിലാണ് അറിയപ്പെടുന്നത്. വാജ്‌പേയി 1991 മുതൽ 2004വരെ തുടർച്ചയായി അഞ്ചു തവണ ജയിച്ചു. രണ്ടുതവണ തോറ്റിട്ടുമുണ്ട്.

2014മുതൽ മണ്ഡലം നിലനിർത്തുന്ന ഉന്നത ബി.ജെ.പി നേതാവും പ്രതിരോധമന്ത്രിയുമായ രാജ്നാഥ് സിംഗ് ഇക്കുറി ഹാട്രിക്കിനിറങ്ങുന്നു. സമാജ്‌വാദി പാർട്ടിയുടെ രവിദാസ് മെഹ്‌റോത്ര മുഖ്യഎതിരാളി.

1951-52ൽ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ പേര് ലഖ്‌നൗ ജില്ലാ സെൻട്രൽ സീറ്റ് എന്നായിരുന്നു. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ് ആദ്യ എംപി. 1953-ൽ വിജയ് ലക്ഷ്മി പണ്ഡിറ്റിന്റെ മരണത്തെ തുടർന്ന് 1954ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ നെഹ്‌റു കുടുംബത്തിലെ ഷിയോരാജ്‌വതി നെഹ്‌റു ജയിച്ചു.

ലഖ്‌നൗ മണ്ഡലം നിലവിൽ വന്ന രണ്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ (1957-ൽ) ജനസംഘം ടിക്കറ്റിൽ മത്സരിച്ച വാജ്‌പേയി കോൺഗ്രസിന്റെ പുലിൻ ബിഹാരി ബാനർജിയോട് 12,485 വോട്ടിന് തോറ്റു.1962ൽ 30,017വോട്ടിന് കോൺഗ്രസിന്റെ ബി.കെ.ധവാനോടും തോറ്റു. 1967ൽ കോൺഗ്രസിന് ആദ്യ തോൽവി. ജയിച്ചത് സ്വതന്ത്രൻ ആനന്ദ് നാരായൺ മുല്ല.

1971ൽ ഗാന്ധി-നെഹ്‌റു കുടുംബത്തിൽപ്പെട്ട ഷീല കൗളിലൂടെ കോൺഗ്രസ് മണ്ഡലം തിരിച്ചു പിടിച്ചു. അടിയന്തരാവസ്ഥാ വിരുദ്ധ തരംഗം വീശിയ 1977ൽ തിരിച്ചടിയേറ്റു. 1980ൽ വീണ്ടും ഷീലാകൗളിലൂടെ തിരിച്ചുവരവ്. 1989ൽ ലഖ്‌നൗ പിന്തുണച്ചത് ജനതാദളിന്റെ മന്ധാത സിംഗിനെ. 29 വർഷത്തിന് ശേഷം 1991ൽ വാജ്‌പേയി തിരിച്ചെത്തി. മുൻ തോൽവികളുടെ കണക്കു തീർത്ത് കോൺഗ്രസിന്റെ രഞ്ജിത് സിംഗിനെ 1,17,303 വോട്ടിന് പരാജയപ്പെടുത്തി. 2004 വരെ ലഖ്നൗവിൽ വാജ്പേയിയുടെ ജൈത്രയാത്ര. 2009ൽ കോൺഗ്രസിന്റെ റീത്ത ബഹുഗുണ ജോഷിയെ 40,901 വോട്ടിന് തോൽപ്പിച്ച് ലാൽജി ടണ്ഡനിലൂടെ ബി.ജെ.പിക്ക് തുടർച്ചയായ ആറാം വിജയം. 2014, 2019 തിരഞ്ഞെടുപ്പുകളിൽ രാജ്നാഥ് സിംഗിലൂടെ കുതിപ്പ് തുടർന്നു.

2014ൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായിരുന്ന രാജ്നാഥ് സമാജ്‌വാദി സ്ഥാനാർത്ഥി റീത്ത ബഹുഗുണ ജോഷിയെ 2,72,749 വോട്ടിനാണ് തോൽപ്പിച്ചത്. 2019ൽ എതിരാളി നടൻ ശത്രുഘ്‌നൻ സിൻഹയുടെ ഭാര്യ നടി പൂനം സിൻഹ.

2019ലെ ഫലം:

രാജ്നാഥ് സിംഗ് (ബി.ജെ.പി):6,33,026 (56.7%)

പൂനംസിൻഹ (എസ്.പി): 2,85,724 (25.5%)

ആചാര്യ പ്രമോദ് കൃഷ്‌ണൻ (കോൺഗ്രസ്): 1,80,011 (16%)