ഷെർളി റസാലം: പത്രിക തള്ളിയെങ്കിലും തീരാതെ വിവാദം

Saturday 06 April 2024 1:34 AM IST

തിരുവനന്തപുരം:ലോകസഭയിലേക്ക് മത്സരിക്കാൻ മുൻ ബിഷപ്പ് ധർമ്മരാജ് റസാലത്തിന്റെ ഭാര്യ ഷെർളി നൽകിയ പത്രിക തള്ളിയെങ്കിലും തീരാതെ വിവാദം.പത്രിക നൽകിയത് ബി.ജെ.പി.യെ സഹായിക്കാനാണെന്ന് കോൺഗ്രസും ഇ.ഡി.യെ പേടിച്ചിട്ടാണെന്ന് സി.പി.എമ്മും കുറ്റപ്പെടുത്തി.ഷെർളിയുടെ വ്യക്തിപരമായ താൽപര്യമാണെന്നാണ് ദക്ഷിണ കേരള മഹായിടവകയുടെ നിലപാട്.ഒരു ബന്ധവുമില്ലെന്ന് ബി.ജെ.പി.യും കയ്യൊഴിഞ്ഞു.

ഇ.ഡി. അന്വേഷണം നേരിടുന്ന റസാലം,തിരുവനന്തപുരത്ത് ശക്തമായ സ്വാധീനമുള്ള സി.എസ്.ഐയുടെ ശക്തനായ ബിഷപ്പായിരുന്നു. ഷെർളി റസാലം പത്രിക നൽകിയ സാഹചര്യത്തിൽ ഇന്നലെ സഭയിലെ എല്ലാ പട്ടക്കാരേയും സഭാ ശുശ്രൂഷകരേയും വിളിച്ചുകൂട്ടി വൈദിക സമ്മേളനം നടത്തി സ്ഥിതി വിലയിരുത്തി.ഷെർളിക്ക് ഒരു പിന്തുണയും നൽകേണ്ടതില്ലെന്നാണ് സമ്മേളനത്തിലെ തീരുമാനമെന്നും സഭാവിശ്വാസികൾ നിലവിലെ സാഹചര്യങ്ങൾ മനസിലാക്കി സ്വതന്ത്രമായി തീരുമാനിക്കുമെന്നും പാസ്റ്ററൽ ബോർഡ് സെക്രട്ടറി ജെ.ജയരാജ് പറഞ്ഞു.

പത്രികാസമർപ്പണത്തിന്റെ അവസാന ദിവസമാണ് ഷെർളി പത്രിക നൽകിയത്. എല്ലാ കോളങ്ങളും പൂരിപ്പിച്ചില്ലെന്ന് കാട്ടിയാണ് പത്രിക സൂഷ്മപരിശോധനയിൽ തള്ളിയതെന്നാണ് അറിയുന്നത്.