രാഹുലിന്റെ റോഡ്ഷോ: പിണറായിക്കും സ്മൃതിക്കും ഒരേ സ്വരമെന്ന് സതീശൻ

Saturday 06 April 2024 1:44 AM IST

കൊച്ചി: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ റോഡ്ഷോയിൽ കോൺഗ്രസ്, ലീഗ് പതാകകൾ ഒഴിവാക്കിയതിൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കും ഒരേ സ്വരമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഇന്ത്യ മുന്നണിയുടെ അമരക്കാരനായ രാഹുലിനെ ദുർബലപ്പെടുത്തി ബി.ജെ.പിയുടെ പ്രീതി സമ്പാദിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.രാഹുലിന്റെ റാലിയിൽ കൊടിയാണോ ബാനറാണോ വേണ്ടതെന്ന് യു.ഡി.എഫ്. തീരുമാനിക്കും. സ്വന്തം കൊടി നഷ്ടപ്പെടാതിരിക്കാനും ചിഹ്നം മരപ്പട്ടിയോ നീരാളിയോ ആകാതെ നോക്കാനുമാണ് സി.പി.എം ശ്രദ്ധിക്കേണ്ടതെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

.മാസപ്പടി ഉൾപ്പെടെ കുടുംബാംഗങ്ങൾ ഉൾപ്പെട്ട അഴിമതിക്കേസുകൾ അന്വേഷിക്കുമെന്ന ഭീതിയിലാണ് ബി.ജെ.പിയെ സന്തോഷിപ്പിക്കാനുള്ള പ്രസ്താവനകളുമായി പിണറായി രംഗത്തിറങ്ങിയിരിക്കുന്നത്. കരുവന്നൂർ ബാങ്കിൽ കള്ളപ്പണം കൈകാര്യം ചെയ്യാൻ സി.പി.എമ്മിന് അഞ്ച് അക്കൗണ്ടുകളുണ്ടെന്ന ഇ.ഡി. റിപ്പോർട്ട് മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. തെളിവുകളുണ്ടായിട്ടും തിരഞ്ഞെടുപ്പ് വരെ ഇ.ഡി ഒരു നടപടിയും സ്വീകരിച്ചില്ല. സി.പി.എം നേതാക്കളെ വിളിച്ചുവരുത്തിയ ശേഷം പറഞ്ഞു വിടുകയാണ് ചെയ്യുന്നത്. സി.പി.എമ്മും ബി.ജെ.പിയും ഒന്നല്ല രണ്ടാണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താനുള്ള ഗിമ്മിക്കാണോ ഇതെന്ന് കാത്തിരുന്ന് കാണാം.

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐ.സി.യു പീഡനക്കേസിൽ അതിജീവിതയ്ക്കൊപ്പം നിന്ന നഴ്സ് അനിതയ്ക്ക് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പുനർനിയമനം നൽകുന്നില്ല. ആരോപണവിധേയരായ എൻ.ജി.ഒ യൂണിയൻകാരെ സംരക്ഷിക്കുകയും അനിതയെ നിരന്തരമായി സ്ഥലംമാറ്റി പീഡിപ്പിക്കുകയും ചെയ്തു. ഈ നാണംകെട്ട നടപടികൾക്ക് കൂട്ടുനിൽക്കുന്ന ആരോഗ്യമന്ത്രിയും ഒരു സ്ത്രീയല്ലേ?. തിരഞ്ഞെടുപ്പിനിടെ ' കേരള സ്റ്റോറി" എന്ന സിനിമ ദൂരദർശനിൽ പ്രദർശിപ്പിക്കുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണെന്നന്നും സതീശൻ പറഞ്ഞു

Advertisement
Advertisement