യു.പി മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ നടപടിക്ക് സുപ്രീംകോടതി സ്‌റ്റേ

Saturday 06 April 2024 12:34 AM IST

ന്യൂഡൽഹി: ഉത്തർപ്രദേശിൽ 2004ൽ കൊണ്ടുവന്ന മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിക്കൊണ്ടുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. നിയമത്തിലെ വ്യവസ്ഥകൾ മനസിലാക്കുന്നതിൽ ഹൈക്കോടതിക്ക് പ്രഥമദൃഷ്ട്യാ തെറ്റു പറ്റിയതായി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. വ്യവസ്ഥകളെ തെറ്രായി വ്യാഖ്യാനിച്ചു. 17 ലക്ഷത്തോളം കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്ന വിഷയമാണ്. നിയമം മതപരമായ നിർദ്ദേശങ്ങൾ നൽകുന്നില്ല. നിയമം റദ്ദാക്കിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി വിശദമായി പരിശോധിക്കാമെന്ന് വ്യക്തമാക്കിയ കോടതി, യു.പി സർക്കാരിന് ഉൾപ്പെടെ നോട്ടീസ് അയക്കാനും ഉത്തരവിട്ടു.

ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതി നിയമം റദ്ദാക്കിയത്. മദ്രസ ബോർഡ് സ്ഥാപിക്കുന്നത് തന്നെ മതേതരത്വത്തെ ലംഘിക്കുന്നതാണെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. മദ്രസകളിലെ വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ നിയമം തന്നെ റദ്ദാക്കുകയായിരുന്നില്ല ചെയ്യേണ്ടിയിരുന്നത്. ഉചിതമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമായിരുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസ് ജൂലായ് രണ്ടാംവാരം വീണ്ടും പരിഗണിക്കും.

Advertisement
Advertisement