കന്നിവോട്ടർമാർക്കായി കായിക മത്സരങ്ങൾ സംഘടിപ്പിച്ചു; അണ്ണാമലൈ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി നൽകി ഡിഎംകെ

Saturday 06 April 2024 11:54 AM IST

ചെന്നൈ: കോയമ്പത്തൂരിലെ ബിജെപി സ്ഥാനാർത്ഥി കെ അണ്ണാമലൈക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ഡിഎംകെ. കന്നിവോട്ടർമാർക്കായി ക്രിക്കറ്റ്, ഫുട്‌ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുന്നതായാണ് അണ്ണാമലൈയ്‌ക്കെതിരായ പരാതി.

ടൂർണമെന്റിന്റെ അറിയിപ്പിൽ മോദിയുടെയും അണ്ണാമലൈയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം ആണെന്നും മത്സരങ്ങളുടെ മറവിൽ പണം നൽകാൻ നീക്കം ഉണ്ടെന്നും ഡിഎംകെ ആരോപിച്ചു. ഇന്നും നാളെയുമായി നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള മത്സരങ്ങൾ തടയണമെന്നും ഡിഎംകെ ആവശ്യപ്പെട്ടിട്ടുണ്ട്.

തമിഴ്നാട്ടിലെ ഹിന്ദിവിരുദ്ധ വാദത്തെ കീറിയ ചെരുപ്പിനോട് അണ്ണാമലൈ നേരത്തേ ഉപമിച്ചിരുന്നു.' 1980ൽ പറഞ്ഞതിനെക്കുറിച്ചാണ് ഇപ്പോഴും ചിലർ സംസാരിക്കുന്നതെന്ന് ശ്രീപെരുമ്പത്തൂരിലെ ജനങ്ങൾ മനസിലാക്കണം. ഹിന്ദി - സംസ്‌കൃതം, വടക്ക്‌ - തെക്ക്, ഇതാണത്. അവർ ഇപ്പോഴും ഇത്രയും പഴകിയ, കീറിയ ചെരിപ്പുകൾ വലിച്ചെറിഞ്ഞിട്ടില്ല '- എന്നാണ് ശ്രീപെരുമ്പത്തൂരിലെ പ്രചാരണയോഗത്തിൽ അണ്ണാമലൈ പറഞ്ഞത്.

അണ്ണാമലൈ പറയുന്നത് വിവരക്കേടാണെന്ന് അണ്ണാഡിഎംകെ പ്രതികരിച്ചു. ഹിന്ദിവിരുദ്ധ സമരത്തിലെ രക്തസാക്ഷികളെ അപമാനിച്ചെന്നായിരുന്നു ഡിഎംകെ വിമർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തി. മോദിയുടെ കണ്ണീർ സ്വന്തം കണ്ണുകൾ പോലും വിശ്വസിക്കില്ലെന്നാണ് സ്റ്റാലിൻ പറഞ്ഞത്. തമിഴ് അറിയില്ലെന്ന് പറഞ്ഞ് മോദി കരയും. എന്നാൽ ഹിന്ദി അടിച്ചേല്പിക്കാൻ ശ്രമിക്കുകയും ചെയ്യുമെന്ന് സ്റ്റാലിൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.