ഒന്നാം പ്രതി ഇന്ന് എന്റെ ചാനൽ നോക്കുന്നയാളാണ്, കുമ്പസാരത്തിൽ കൊല്ലാൻ വിട്ട സിപിഎം നേതാവിന്റെ പേര് അവൻ പറഞ്ഞു; സി രഘുനാഥിന്റെ വെളിപ്പെടുത്തൽ

Saturday 06 April 2024 5:07 PM IST

പതിറ്റാണ്ടുകളോളം കണ്ണൂർ കോൺഗ്രസിന്റെ അവിഭാജ്യ ഘടകമായിരുന്നു സി. രഘുനാഥ്. കെ. സുധാകരന്റെ അടുത്ത അനുയായി ആയി അറിയപ്പെട്ടിരുന്ന രഘുനാഥ് ഇന്ന് അതേ കെ. സുധാകരനെതിരെ ബിജെപി സ്ഥാനാർത്ഥിയായി പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ്. കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഏറെക്കാലമായി നേരിടേണ്ടി വന്ന അവഗണന ചൂണ്ടിക്കാട്ടിയാണ് രഘുനാഥ് പാർട്ടി വിട്ടത്.

1973-ൽ സുധാകരനൊപ്പം ബ്രണ്ണൻ കോളേജിൽ കെ.എസ്.യു. പ്രവർത്തനം ആരംഭിച്ച ആളാണ് രഘുനാഥ്. പാർട്ടിയിലെ തഴയപ്പെടുന്ന സാഹചര്യത്തെക്കുറിച്ച് കെ. സുധാകരനോട് പരാതിപ്പെട്ടിരുന്നുവെന്നും എന്നാൽ യാതൊരു പരിഹാരവും ഉണ്ടായില്ലെന്നും ആരോപിച്ചുകൊണ്ടായിരുന്നു രഘുനാഥിന്റെ ബിജെപി പ്രവേശം.

ഇപ്പോഴിതാ വർഷങ്ങൾക്ക് മുമ്പ് സിപിഎമ്മിൽ നിന്ന് പലപ്പോഴായി തനിക്ക് നേരിടേണ്ടി വന്ന അക്രമങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് രഘുനാഥ്. ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയതെന്നും അദ്ദേഹം പറയുന്നുണ്ട്. ബ്രേവ് ഇന്ത്യ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

രഘുനാഥിന്റെ വാക്കുകൾ-

''ജൂൺ മാസത്തിലാണ് എന്റെ ജീവിതം തന്നെ മാറ്റിമറിച്ച അക്രമസംഭവം ഉണ്ടായത്. രാത്രി 12 മണിക്ക് ഒരുപറ്റം സിപിഎം ഗുണ്ടകൾ എന്റെ വീട്ടിനകത്തേക്ക് കയറുകയും, വീട് ബോംബ് വച്ച് തകർക്കുകയും ചെയ‌്തു. അന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. 10 മണിയോടെ കറണ്ട് പോയി. അതോടെ കുട്ടികളോടും ഭാര്യയോടും എന്നോടൊപ്പം വന്ന് കിടക്കാൻ പറഞ്ഞു. അല്ലായിരുന്നെങ്കിൽ എന്റെ രണ്ട് കുട്ടികളേയും അവർ ബോംബ് എറിഞ്ഞ് കൊല്ലുമായിരുന്നു.

കണ്ണൂർക്കാരുടെ ബോംബിന് പ്രഹരശേഷി കൂടുതലാണ്. സ്റ്റീൽ ബോംബാണ്. സ്റ്റീലിനകത്ത് മുഴുവൻ മെറ്റൽ പാർട്ടാണ്. വെടിമരുന്നും, ഷാ‌ർപ്പായ എഡ്‌ജുള്ള ഒന്നോ രണ്ടോ കിലോ ആണിയും, കൂടാതെ വർക്ക് ഷോപ്പുകളിലും മറ്റും കിട്ടുന്ന മെറ്റൽ പീസും ചേർത്താണ് ബോംബുണ്ടാക്കുന്നത്. അന്നത്തെ സംഭവത്തിൽ എന്റെ ബെഡ്‌ റൂമിൽ നിന്ന് 4 കിലോ ആണിയാണ് ബോംബിന്റെ അവശിഷ്‌ടമായി പൊലീസ് കണ്ടെടുത്തത്.

രാത്രി 11.45 ഓടെ സിപിഎം ഗുണ്ടകൾ വീട്ടിൽ കടന്ന് ബോംബേറ് തുടങ്ങി. സകലതും തല്ലിപ്പൊട്ടിച്ചു. മുറിയുടെ വാതിലിൽ ക്രോസ് ബാർ ആയി മെറ്റൽ ഘടിപ്പിച്ചിരുന്നതിനാൽ ഞാനും കുടുംബവും കിടന്ന മുറിയിലേക്ക് അവർക്ക് കടക്കാൻ കഴിഞ്ഞില്ല. നിരന്തരമായി വാതിൽ പൊളിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. അതിനിടെ ഞാൻ എന്റെ മക്കളെ ബാത്ത് റൂമിലാക്കി പൂട്ടി. എന്റെ മനസിൽ ജയകൃഷ്‌ണൻ മാസ്‌റ്ററെ കൊന്നപ്പോൾ അവിടെ കണ്ടു നിന്ന കുട്ടികളുടെ മാനസികാവസ്ഥ എന്റെ കുട്ടികൾക്ക് ഉണ്ടാകരുത് എന്നായിരുന്നു. കുറേ നേരം കഴിഞ്ഞപ്പോൾ ഞങ്ങളെ ഉപേക്ഷിച്ച് അക്രമികൾ പോയി. പിന്നീട് അതിൽ ഒന്നാം പ്രതിയായ ആൾ എന്നോട് കുമ്പസരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് എന്നെ കൊല്ലാൻ പറഞ്ഞത് എന്നാണ് കുമ്പസാരത്തിൽ അവൻ വെളിപ്പെടുത്തിയത്. മറ്റുള്ള പ്രതികളും പിൽക്കാലത്ത് എന്റെ ശിഷ്യന്മാരായി. ഒന്നാം പ്രതിയായവനാണ് ഇന്ന് എന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത്. ''

Advertisement
Advertisement