കെ.സുധാകരൻ സമ്പൂർണ്ണ പരാജയം; സി.കെ.പത്മനാഭൻ

Saturday 06 April 2024 9:34 PM IST

കണ്ണൂർ: പാർലിമെന്റംഗം എന്ന നിലയിൽ കെ.സുധാകരൻ സമ്പൂർണ്ണ പരാജയമാണെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം സി.കെ.പത്മനാഭൻ. കണ്ണൂർ മാരാർജി ഭവനിൽ ലോക് സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൻ.ഡി.എ തയ്യാറാക്കിയ കുറ്റപത്രം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളോടുള്ള കർത്തവ്യം നിറവേറ്റുന്നതിൽ അദ്ദേഹം പൂർണമായും പരാജയപ്പെട്ടു. കേന്ദ്രസർക്കാർ നിരവധി വികസന പരിപാടികൾ മുൻനിർത്തി മുന്നോട്ടു പോകുമ്പോഴും അതൊന്നും കണ്ണൂർ ജില്ലയിൽ ഫലപ്രദമായ നടപ്പാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. എൻ.ഡി.എ വോട്ടർമാർക്ക് മുന്നിൽ വയ്ക്കുന്ന കുറ്റപത്രം കേവലം രാഷ്ട്രീയ പ്രചാരണമല്ല,​ മറിച്ച് ആധികാരികമായ രേഖകളാണ്. ഇതേ എം.പി തന്നെ തുടർച്ചയായി വീണ്ടും ജനവിധി തേടി വോട്ടർമാരുടെ മുന്നിലെത്തുമ്പോൾ വികസന മുരടിപ്പ് ചൂണ്ടിക്കാണിക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബി.ഡി.ജെ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷനും എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാനുമായ പൈലി വാത്യാട്ട് അദ്ധ്യക്ഷത വഹിച്ചു. എൻ.ഡി.എ കണ്ണൂർ പാർലിമെന്റ് മണ്ഡലം സ്ഥാനാർത്ഥി സി രഘുനാഥ് ബി.ജെ.പി ദേശീയ സമിതി അംഗങ്ങളായ എ.ദാമോദരൻ ,പി.കെ.വേലായുധൻ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement