കത്തിക്കയറാൻ കനിമൊഴി

Sunday 07 April 2024 12:58 AM IST

കുറച്ചധികം വീടുകൾ പിന്നെ വിശാലമായ കൃഷിയിടം. അങ്ങനെയൊരു തനിത്തമിഴ് ഗ്രാമമായ ഒറ്റപിടാരത്തായിരുന്നു തൂത്തുക്കുടി ലോക്‌സഭ മണ്ഡലം സ്ഥാനാർത്ഥി കനിമൊഴിയുടെ ഇന്നലത്തെ പ്രചാരണം. പസുവന്ദനൈ ശിവക്ഷേത്രത്തിനു സമീപത്തായി ഉദസൂര്യൻ ചിഹ്നം പതിച്ച വാനെത്തിയതും പ്രവർത്തകരുടെ ആവേശം അണപൊട്ടി. നിറചിരിയുമായി അവരുടെ സ്വന്തം എം.പി കനിമൊഴി പുറത്തേക്ക്. കരഘോഷം മുഴക്കിയും ആർപ്പുവിളിച്ചും പടക്കം പൊട്ടിച്ചും പ്രവർത്തകരുടെ ഉജ്ജ്വല വരവേല്പ്. പുഷ്പവൃഷ്ടിയുമായി സ്ത്രീകൾ ഇരുവശത്തും അണിചേർന്നു. തുടർന്ന് വേദിയിലേക്ക്. പത്ത് മിനിട്ടത്തെ പ്രസംഗത്തിനുശേഷം ഇരിപ്പിടത്തിലേക്ക് മടങ്ങി. ശേഷം വാഹനം അടുത്ത സ്വീകരണ സ്ഥലത്തേക്ക്. യാത്രയ്ക്കിടെ കനിമൊഴി കേരളകൗമുദിയോട് സംസാരിച്ചു.

?വീണ്ടും തൂത്തുക്കുടിയിൽ. എത്രത്തോളം ആത്മവിശ്വാസമുണ്ട്

കഴിഞ്ഞ തവണ തൂത്തുക്കുടിയിൽ മത്സരിക്കാനെത്തിയപ്പോൾ ചെന്നൈയിൽ നിന്നും വരുന്നതാണ് ജയിച്ചാൽ ഇവിടെ തിര‌ിഞ്ഞുനോക്കില്ല എന്നായിരുന്നു എതിർകക്ഷിക്കാർ പറഞ്ഞിരുന്നത്. അത് തെറ്റെന്ന് തെളിഞ്ഞു. തൂത്തുക്കുടി എന്നുടയ ഇരണ്ടാമത് തായ്‌വീട് എന്ന് ഇവിടത്തുകാർക്ക് ബോദ്ധ്യമായി.

?ഡി.എം.കെ മുന്നണിക്ക് കഴിഞ്ഞ തവണത്തെ നേട്ടം ആവർത്തിക്കാനാകുമോ

കഴിഞ്ഞ തവണ 38 സീറ്റും പുതുച്ചേരിയും നേടി. ഇത്തവണ 39ഉം പുതുച്ചേരിയും നേടും.

?കേന്ദ്രത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്നു കരുതുന്നുണ്ടോ

ഭരണ മാറ്റം ഉണ്ടാകും. 'ഇന്ത്യ" മുന്നണി ഭരിക്കും. ബി.ജെ.പി സാധാരണക്കാരെയും കർഷകരെയും മറന്നു. അവർ മതേതരത്വത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. പകരം കോർപ്പറേറ്റുകളെ പറ്റി ചിന്തിക്കുന്നു. അവർക്കു വേണ്ടി ഭരിക്കുന്നു. പ്രതിപക്ഷ നേതാക്കളെ കള്ളക്കേസുകളിൽ കുടുക്കുന്നു. കേജ്‌രിവാളിനെ അറസ്റ്റുചെയ്തതോടെ അവരുടെ യഥാർത്ഥമുഖം ജനത്തിനു മനസിലായി. സമൂഹമാദ്ധ്യമങ്ങൾ അത് ചർച്ച ചെയ്യുന്നു. ഇതെല്ലാം 'ഇന്ത്യ" മുന്നണിക്ക് അനുകൂലമാകും.

?​'ഇന്ത്യ" മുന്നണി അധികാരത്തിലെത്തിയാൽ ആരാകും പ്രധാനമന്ത്രി?

അത് തിരഞ്ഞെടുപ്പിനുശേഷം ആലോചിച്ച് തീരുമാനിക്കും

?​ഡി.എം.കെ രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്നാണല്ലോ പറയുന്നത്?

അന്തിമ തീരുമാനം തിരഞ്ഞെടുപ്പിനുശേഷമേ ഉണ്ടാകൂ.

?​കേരളത്തിൽ 'ഇന്ത്യ" മുന്നണിയിൽപ്പെട്ട പാർട്ടികൾ പരസ്പരം മത്സരിക്കുകയാണല്ലോ

അതുണ്ടാകും. എന്നാൽ തിര‌ഞ്ഞടുപ്പിനുശേഷം എല്ലാ പാർട്ടികളും ഒരുമിച്ച് നിൽക്കും

?​രാഹുലിനെതിരെ വയനാട്ടിൽ സി.പി.ഐയിലെ ആനിരാജ മത്സരിക്കുന്നത് ദോഷം ചെയ്യില്ലേ

'ഇന്ത്യ" മുന്നണിയുടെ കെട്ടുറപ്പിനെ ഇതൊന്നും ബാധിക്കില്ല. തിരഞ്ഞെടുപ്പിനുശേഷം എല്ലാം ശരിയാകും.

?​സംസ്ഥാന രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ ആഗ്രഹമില്ലേ

അതെല്ലാം തീരുമാനിക്കുന്നത് പാർട്ടി നേതൃത്വമാണ്. ഇപ്പോൾ എന്നെ നിയോഗിച്ചിരിക്കുന്നത് തൂത്തുക്കുടി ലോക്‌സഭ മണ്ഡലത്തിൽ മത്സരിക്കാനാണ്. പാർട്ടി പറയുമ്പോൾ ഞാൻ സംസ്ഥാന രാഷ്ട്രീയത്തിലുണ്ടാകും.

?​എഴുത്ത് ഇപ്പോഴില്ലേ

സാഹിത്യം എനിക്ക് ഉപേക്ഷിക്കാനാകില്ല. ഇപ്പോൾ എഴുതുന്നില്ല, വായിക്കുന്നു. എന്റെ മനസിൽ കവിതയുണ്ട്. ഉടൻ എഴുത്തിലേക്ക് മടങ്ങി വരും. അത് വൈകില്ല.


ഉയിരിനും മേലാന അൻപ് ഉടൽ പിറപ്പുകളേ...

പ്രസംഗത്തിനിടയിൽ പിതാവ് കരുണാനിധിയുടെ അഭിസംബോധന കടമെടുത്താണ് കനിമൊഴി കത്തിക്കയറുന്നത്. ''നമ്മുടെ അൻപ് തലൈവർ ഉയിരിനും മേലാന അൻപ് ഉടൽ പിറപ്പുകളേ..."" ഇതുകേൾക്കുമ്പോൾ ജനം ഇളകിമറിയും. കേന്ദ്രം മഴക്കെടുതിക്കുപോലും പണം തരുന്നില്ല. തന്നത് മുഖ്യമന്ത്രി മാത്രമാണ്. ഹിന്ദുക്കളുടെ സംരക്ഷകരെന്നാണ് ബി.ജെ.പിയെന്ന് പറയുന്നു.
അവർ ഹിന്ദുക്കൾക്ക് ജോലി കൊടുത്തോ? പഠിപ്പുകൊടുത്തോ? ഒന്നും ഇല്ല. കോവിലുകളെല്ലാം ഡി.എം.കെ കത്തിക്കുമെന്ന് പറഞ്ഞു. 1,​330 കോവിലുകൾക്ക് കുംഭാഭിഷേകം ചെയ്തത് നമ്മുടെ മുഖ്യമന്ത്രിയാണ്. കനിമൊഴി പറയുന്നു.

Advertisement
Advertisement