സി.പി.ഐ പ്രകടന പത്രിക ഇ.ഡി, സി.ബി.ഐ പാർല. പരിധിയിൽ കൊണ്ടുവരും

Sunday 07 April 2024 12:01 AM IST

ന്യൂഡൽഹി: അധികാരത്തിലെത്തിയാൽ പൗരത്വ നിയമഭേദഗതി റദ്ദാക്കുമെന്ന് സി.പി.ഐ പ്രകടന പത്രികയിൽ വാഗ്ദാനം. ഇ.ഡിയെയും സി.ബി.ഐയെയും പാർലമെന്റിന്റെ പരിധിയിൽ കൊണ്ടുവരും. ഇത്തരം ഏജൻസികളുടെ അധികാരങ്ങൾ പുന:പരിശോധിക്കും. ഗവർണർ പദവി ഇല്ലാതാക്കാൻ പോരാട്ടം ശക്തമാക്കും.

പട്ടികവിഭാഗ- ഒ.ബി.സി സംവരണം വർദ്ധിപ്പിക്കും. 50 ശതമാനമെന്ന പരിധി ഒഴിവാക്കും. തൊഴിലുറപ്പ് പദ്ധതിയിലെ ദിവസവേതനം 700 രൂപയാക്കി വർദ്ധിപ്പിക്കും. രാജ്യത്തെയും ഭരണഘടനയെയും രക്ഷിക്കണം. ഇതിനായി സി.പി.ഐ ഉൾപ്പെടെ ഇടത്- മതേതര പാർട്ടികൾക്ക് വോട്ടു ചെയ്യണം.

ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്നും ആഹ്വാനം ചെയ്യുന്നു. സ്വാതന്ത്ര്യം, സമത്വം, നീതി, മതേതരത്വം, സോഷ്യലിസം, ഫെഡറലിസം തുടങ്ങിയവയ്ക്കായി പോരാട്ടം ശക്തമാക്കും. സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, നേതാക്കളായ ഡോ.ബി.കെ.കാംഗോ, ആശിഷ് പാഷ, പ്രൊഫ. ദിനേശ് വർഷ്‌‌നി എന്നിവർ ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്.

കോർപ്പറേറ്റ് നികുതി കൂട്ടും

തിര. കമ്മിഷണർമാരുടെ നിയമനത്തിൽ എക്സിക്യുട്ടീവ് ഇടപെടൽ ഒഴിവാക്കും

ജമ്മു കാശ്മീരിനും ഡൽഹിക്കും സമ്പൂർണ സംസ്ഥാന പദവി

ലോക്സഭാ, നിയമസഭാ സീറ്റുകളിലെ വനിതാ സംവരണം വേഗത്തിൽ നടപ്പാക്കും

കോർപ്പറേറ്റ് നികുതി വർദ്ധിപ്പിക്കും, ജാതി സെൻസസ് നടത്തും, അഗ്നിവീർ പദ്ധതി റദ്ദാക്കും

എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ വരുത്തിയ മാറ്രങ്ങൾ നീക്കും

നീതി ആയോഗിനെ പിൻവലിച്ച് ആസൂത്രണ കമ്മിഷനെ തിരികെ കൊണ്ടുവരും

Advertisement
Advertisement