ഇത്തവണയും സുരേഷ് ഗോപി തൃശൂർ എടുക്കില്ല, എന്തുചെയ്താലും ജയിക്കില്ലെന്ന് മുരളീധരൻ

Sunday 07 April 2024 8:52 AM IST

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ലെന്ന് കെ മുരളീധരൻ. തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തൃശൂർ എടുക്കില്ലെന്നും എന്തുചെയ്താലും ജയിക്കില്ലെന്നുമാണ് അദ്ദേഹം ഒരു സ്വകാര്യചാനലിനോട് പറഞ്ഞത്. സിപിഎമ്മിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ നടപടിക്ക് പിന്നാലെ മോദിയെ സന്തോഷിപ്പിക്കാനുള്ള നടപടികൾ പിണറായി വിജയന്റെ ഭാഗത്തുനിന്നുണ്ടാവുമെന്നും സാഹചര്യം കോൺഗ്രസ് നിരീക്ഷിക്കുകയാണെന്നും മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികൂടിയായ മുരളീധരൻ പറഞ്ഞു.

'തിരഞ്ഞെടുപ്പിൽ സിപിഎം- ബിജെപി ഡീൽ ആണ്. മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടെങ്കിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് പറയട്ടെ. കോൺഗ്രസ് എറിഞ്ഞുകൊടുക്കുന്ന എല്ലിൻകഷ്ണം കടിക്കണം. എന്നിട്ട് കേരളത്തിൽ വന്ന് വീരവാദവും പറയണം. പ്രധാനമന്ത്രി കരുവന്നൂരിൽ വരുന്നതിന് മുമ്പ് ആദ്യം മണിപ്പൂരിൽ പോകണം. കരുവന്നൂർ ആളിക്കത്തിച്ചതുകൊണ്ട് ബിജെപിക്ക് പ്രത്യേകിച്ച് ഒരു ഗുണവും കിട്ടാൻ പോകുന്നില്ല. ഒരു ബാങ്ക് തകർത്തതിന് വോട്ടർമാർ ഇടതുപക്ഷത്തെ ശിക്ഷിക്കും. കരുവന്നൂർ വിഷയത്തിൽ ഒരക്ഷരം മിണ്ടാത്ത ആളാണ് എൽഡിഎഫ് സ്ഥാനാർത്ഥി. അതിജീവിതയ്‌ക്കൊപ്പം നിന്നതിന് സീനിയർ നഴ്‌സിംഗ് ഓഫീസർ അനിതയെ സ്ഥംമാറ്റിയ നടപടി ഇടതുസർക്കാരിന്റെ ജനവിരുദ്ധ നയമാണ് കാണിക്കുന്നത്. അനിതയെ ജോലിക്കെടുക്കാൻ തീരുമാനിച്ചത് കോടതിയിൽ തിരിച്ചടി ഭയന്നാണ്' മുരളീധൻ പറഞ്ഞു.