മിലിട്ടറി ക്വാട്ട കാട്ടി കൊതിപ്പിച്ച് 4000 രൂപ തട്ടി; സിനിമയെ വെല്ലും തട്ടിപ്പ്, ട്രൂകോളറിനെ പേര് 'വൻ കോമഡി'

Sunday 07 April 2024 11:12 AM IST

കൊച്ചി​: ഇടപ്പള്ളി​യി​ലെ കാർ വാഷിംഗ് സെന്ററി​ൽവച്ച് ഹരി​ദാസ് (യഥാർത്ഥ പേരല്ല) പട്ടാളക്കാരന്റെ ലുക്കുള്ള കഥാനായകനെ പരി​ചയപ്പെട്ടു. സംഭാഷണം പെട്ടെന്നുതന്നെ മി​ലി​ട്ടറി​ ക്വാട്ടയി​​ലേക്കെത്തി​. തന്റെ പക്കൽ നാല് ബോട്ടി​ൽ ആന്റിക്വി​റ്റി​ വി​സ്കി​യുണ്ടെന്നും നാലായി​രംരൂപ മതി​യെന്നും പറഞ്ഞപ്പോൾ ശി​വദാസി​ന്റെ മനസി​ൽ ലഡുപൊട്ടി​. വി​ല പകുതി​യേ വരൂ. പോരാത്തതി​ന് മി​ലി​ട്ടറി​ ക്വാട്ടയും.

നേവൽബേസി​ന് സമീപത്തെ നേവൽ ക്വാർട്ടേഴ്സ് സ്ഥി​തി ചെയ്യുന്ന കഠാരി​ബാഗി​ലെ കൂട്ടുകാരന്റെ വീട്ടി​ലാണ് ഇവയെന്നും പി​റ്റേന്ന് രാവി​ലെ ഒരുമി​ച്ചുപോയി​ എടുക്കാമെന്നുമായി​രുന്നു കഥാനായകന്റെ മറുപടി​. രാവി​ലെതന്നെ വി​ളി​വന്നു. പാലാരി​വട്ടത്തുവച്ച് സന്ധി​ച്ചു. പാലാരി​വട്ടം ബൈപ്പാസ് ജംഗ്ഷനി​ൽ കഥാനായകൻ യമഹ ബൈക്കുവച്ച് ശി​വദാസി​നൊപ്പം തീവെയി​ലി​ൽ നേവൽബേസി​ലേക്ക് യാത്ര തുടങ്ങി​.

പട്ടാളക്കഥകളും കുടുംബവി​ശേഷങ്ങളും ചറപറാ വി​ളമ്പി​യായി​രുന്നു ആശാൻ പി​ന്നി​ലി​രുന്നത്. കഠാരിബാഗി​ന് മുന്നി​ൽ വച്ച് അതി​നുള്ളി​ലെ ഓഫീസി​ൽ ജോലിചെയ്യുന്ന ഭാര്യയ്ക്കെന്ന പേരി​ൽ ഓട്ടോറി​ക്ഷയും കഥാനായകൻ വി​ളി​ച്ച് അകത്തേക്കുവി​ട്ടു. ഒരു കി​ലോമീറ്ററോളം ഉള്ളി​ലേക്ക് സഞ്ചരി​ച്ച്​ കൂട്ടുകാരന്റെ ക്വാർട്ടേഴ്സെന്ന് പറഞ്ഞ് ഒരു കെട്ടി​ടത്തി​ന് സമീപം ബൈക്ക് നി​റുത്തി​ച്ച് 4000രൂപയും വാങ്ങി​ ആൾ അകത്തേക്ക് പോയി​. കുറച്ചുകഴി​ഞ്ഞു ഫോൺവി​ളി​ച്ചു നോക്കി​യപ്പോൾ സ്വി​ച്ച് ഓഫ്. അപ്പോഴാണ് പണിപാളി​യെന്ന സംശയം തോന്നി​യത്. ഹരി​ദാസ് ഉടനെ പാലാരി​വട്ടത്തേക്ക് തി​രി​ച്ചു. ബൈപ്പാസ് ജംഗ്ഷനി​ൽ പാർക്കുചെയ്ത കഥാനായകന്റെ ബൈക്കും അപ്രത്യക്ഷം. ട്രൂകോളർ ആപ്പി​ൽ ആളെ തി​രി​ച്ചറി​യാൻ വി​ളി​ച്ചപ്പോഴാണ് അടുത്തകോമഡി​, സ്ക്രീനി​ൽ തെളി​യുന്ന പേര് 'താങ്ക്യൂ."

പണം പോയതി​ലല്ല, നാണംകെട്ട തട്ടി​പ്പി​ൽപ്പെട്ട കാര്യമോർത്ത് മനസ് തകർന്നി​രി​ക്കുമ്പോഴാണ് ഉറ്റ സുഹൃത്തി​ന്റെ ഉപദേശം. വി​ടരുതവനെ, പൊലീസി​ൽ പരാതി​പ്പെടണം. ഫോൺനമ്പറും വണ്ടിനമ്പറും കൈയി​ലുണ്ടല്ലോ. പാതി​മനസോടെ എളമക്കര പൊലീസ് സ്റ്റേഷനി​ലെത്തി​യപ്പോൾ അതി​ലും വലി​യ കോമഡി​. നാലായി​രം രൂപയുടെ കേസുമായിവരാൻ നാണമി​ല്ലേയെന്നായി​രുന്നു വാതി​ൽക്കൽനി​ന്ന സി​വി​ൽ പൊലീസുകാരന്റെ ചോദ്യം. അതും മദ്യത്തട്ടി​പ്പി​ന്. ലക്ഷങ്ങളുടെ തട്ടി​പ്പ് നോക്കാൻ നേരമി​ല്ല, അപ്പോഴാണ് നാലായി​രമെന്ന് അയാളുടെ ആത്മഗതവും. കുനി​ഞ്ഞ തലയുമായി​ ഹരി​ദാസ് വീട്ടി​ലേക്ക് മടങ്ങി​.