'രാഹുല്‍ ഗാന്ധിയുടെ പ്രവൃത്തി ജനാധിപത്യ വിരുദ്ധം, മാറി നില്‍ക്കാന്‍ തയ്യാറകണം'

Sunday 07 April 2024 8:21 PM IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിക്കുന്നില്ലെങ്കില്‍ രാഹുല്‍ ഗാന്ധി മാറി നില്‍ക്കാന്‍ തയ്യാറാകണമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷാര്‍. കഴിഞ്ഞ 10 വര്‍ഷത്തിലധികമായി രാഹുല്‍ ഗാന്ധിയാണ് പാര്‍ട്ടിയെ നയിക്കുന്നത്. പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ലെങ്കില്‍ ഇടവേളയെടുത്ത് മാറി നില്‍ക്കാന്‍ രാഹുല്‍ മടിക്കേണ്ടതില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

രാഹുല്‍ 10 വര്‍ഷമായി നയിക്കുന്ന രീതികൊണ്ട് ഒരു മാറ്റവും ഉണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍ നേതൃസ്ഥാനം മറ്റാരെയെങ്കിലും ഏല്‍പ്പിക്കാന്‍ അദ്ദേഹം തയ്യാറാകണം. മറ്റൊരാളെ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ രാഹുല്‍ ഗാന്ധിയുടെ പ്രവൃത്തി ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ 10 വര്‍ഷമായി വിജയമൊന്നും നേടാനാകാതെ അതേ ജോലി തന്നെയാണ് നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതെങ്കില്‍ ഒരു ഇടവേള എടുക്കുന്നതുകൊണ്ട് കുഴപ്പമില്ല. നിങ്ങളുടെ അമ്മ അത് ചെയ്തിട്ടുണ്ട്.'' രാജീവ് ഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടി ചുമതലകള്‍ നരസിംഹ റാവുവിനെ ഏല്‍പ്പിച്ച് സോണിയ ഗാന്ധി മാറിനിന്നത് ചൂണ്ടിക്കാട്ടി പ്രശാന്ത് കിഷോര്‍ അഭിപ്രായപ്പെട്ടു.

എന്താണു കുറവെന്നു കണ്ടെത്തി നികത്തുന്നതാണു നല്ല നേതാവിന്റെ ലക്ഷണം. എന്നാല്‍ രാഹുലിന്റെ ധാരണ അദ്ദേഹത്തിന് എല്ലാം അറിയാമെന്നാണ്. നിങ്ങള്‍ക്ക് സഹായം ആവശ്യമുണ്ടെന്ന് സ്വയം ബോധ്യപ്പെട്ടില്ലെങ്കില്‍ ആര്‍ക്കും നിങ്ങളെ സഹായിക്കാനാകില്ലെന്നും രാഹുലിനെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

2019ല്‍ ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കുറച്ച് കാലം രാഹുല്‍ മാറി നിന്നെങ്കിലും പിന്നീട് തന്റെ വാക്കുകളെ മറന്നാണ് രാഹുല്‍ പ്രവര്‍ത്തിച്ചതെന്നും പ്രശാന്ത് കിഷോര്‍ കുറ്റപ്പെടുത്തി.