'ജോസ് കെ മാണിയുടെ നല്ല വാക്കുകളിൽ അഭിമാനിക്കുന്നു'; തൽക്കാലം ഒരു പാർട്ടിയിലേക്കും ഇല്ലെന്ന് സജി മഞ്ഞക്കടമ്പിൽ, യുഡിഎഫിലെ പ്രതിസന്ധി നീങ്ങുന്നില്ല
കോട്ടയം: യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സ്ഥാനം രാജിവച്ച സജി മഞ്ഞക്കടമ്പിൽ യുഡിഎഫിലേക്ക് തിരികെ പോയേക്കില്ല എന്ന് സൂചന. ഒരു സ്വകാര്യ ചാനലിന് നൽകിയ പ്രതികരണത്തിൽ മോൻസ് ജോസഫ് നേതൃത്വം നൽകുന്ന യുഡിഎഫിലേക്ക് തിരിച്ചുപോകുന്നത് ദുരന്ത കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ജോസ് കെ മാണിയുടെ വാക്കുകളിൽ തനിക്ക് അഭിമാനം ഉണ്ടെന്ന് അറിയിച്ച സജി തൽക്കാലം യുഡിഎഫിലേക്ക് തിരികെ പോകുന്നില്ലെന്ന സൂചനയാണ് നൽകിയത്.
ലോക്‌സഭാ തിരഞ്ഞടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടുവരവെ പൊടുന്നനെ യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സ്ഥാനം സജി മഞ്ഞക്കടമ്പിൽ രാജിവച്ചതിൽ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനെ വിമർശിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലടക്കം തന്നെ സഹകരിപ്പിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജിവച്ചത്. വിവരം തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയെയടക്കം അറിയിച്ചിരുന്നതായും ഈ തിരഞ്ഞെടുപ്പിൽ തങ്ങളോട് സ്‌നേഹത്തോടെ പെരുമാറുന്നവർക്ക് വോട്ട് നൽകുമെന്നും ഇപ്പോൾ ആരുമായും സഹകരിക്കുന്നില്ലെന്നും സജി മഞ്ഞക്കടമ്പിൽ വ്യക്തമാക്കി.
മികച്ച സംഘാടകനായ സജി, ജോസഫ് വിഭാഗത്തിനായി കൂടുതൽ ത്യാഗം ചെയ്ത ആളാണ്. ആ പാർട്ടിയുടെ ജില്ലയിലെ ഒന്നാമൻ രാജി വച്ചത് ചെറിയ കാര്യമായി കാണാനാകില്ല. യു.ഡി.എഫിന്റെ പതനമാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. കേരള കോൺഗ്രസ് എമ്മിലേക്ക് വരാൻ സജി തീരുമാനമെടുത്താൽ ചർച്ച ചെയ്യുമെന്നാണ് ജോസ് കെ മാണി പറഞ്ഞത്.സജി മഞ്ഞക്കടമ്പിലിനെ തിരികെ കൊണ്ടുവരാൻ കോൺഗ്രസ് നേതൃത്വം അനുനയ നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടു. അദ്ദേഹം അനുകൂലമായി പ്രതികരിക്കാത്തതായിരുന്നു കാരണം. അതേസമയം സജി അനാഥനാകില്ലെന്ന് മന്ത്രി വി.എൻ വാസവനും പറഞ്ഞിരുന്നു.