ആരാധനയോടെ വീട്ടമ്മ സുരേഷ് ഗോപിയുടെ അടുത്തെത്തി, ജപിച്ച ചരട് കൈയിൽ കെട്ടിക്കൊടുത്തു; മടങ്ങുന്നതിന് മുമ്പ് ഒരു സമ്മാനവും നൽകി

Monday 08 April 2024 11:29 AM IST

തൃശൂർ: കിഴക്കുംപാട്ടുകരയിൽ എൻ.ഡി.എ കുടുംബ സംഗമമാണ് വേദി, സ്ത്രീകൾ അടക്കമുള്ളവർ വന്നുകൊണ്ടിരിക്കുന്നു. അഞ്ചു മണിക്ക് സ്ഥാനാർത്ഥി സുരേഷ് ഗോപി എത്തുമെന്നാണ് അറിയിപ്പ്. പ്രചാരണപരിപാടികളിൽ ഒരു പരിധിവരെ സമയനിഷ്ഠ പാലിക്കപ്പെടുന്നതിനാൽ അധികം വൈകില്ലെന്ന് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ ഐനിക്കുന്നത്ത് വിശദീകരിച്ചു.

കൃഷ്ണാപുരം കാച്ചേരിയിലെ കുടുംബസംഗമത്തിന് ശേഷമാണ് കിഴക്കുംപാട്ടുകരയിലേക്കുള്ള വരവ്. സ്ഥാനാർത്ഥി എത്തുന്നതിന് മുൻപേ ബിജോയ് തോമസിന്റെ ആമുഖ പ്രഭാഷണം. 'കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പിന്നീട് രാജ്യസഭാ അംഗം എന്ന നിലയിൽ തൃശൂരിന്റെ വികസനത്തിനായി സുരേഷ് ഗോപിയുടെ പ്രവർത്തനം, വികസന പ്രവൃത്തികളുടെ നീണ്ട പട്ടിക...' വിവരണത്തിനിടെ വേദിയിലേക്ക് സുരേഷ് ഗോപിയെത്തി. നിറഞ്ഞ കൈയ്യടിയോടെ വരവേൽപ്പ്.

ആമുഖപ്രാസംഗികൻ വാക്കുകൾ ചുരുക്കി, സ്ഥാനാ‌ർത്ഥിക്ക് വഴിമാറി. എല്ലാവ‌ർക്കും നമസ്കാരം പറഞ്ഞ് ഔപചാരികതകളൊന്നുമില്ലാതെ പ്രസംഗ വേദിയിലേക്ക്. 'വോട്ടഭ്യർത്ഥിക്കാനാണ് എത്തിയത്, താമര ചിഹ്നം മറക്കരുത്. ആരോപണങ്ങൾ ഉന്നയിക്കാനല്ല. കേരളം വളരണം, തൃശൂരും വളരണം'. - ചുരുങ്ങിയ വാക്കുകളിൽ പ്രസംഗം.

'എന്നെ തിരഞ്ഞെടുത്താൽ ഇതുവരെ എനിക്ക് ചെയ്യാൻ കഴിഞ്ഞതിലേറെ കഴിയുമെന്നാണ് വിശ്വാസം. എല്ലാവരുടയെയും അനുഗ്രഹം വേണം, താമര മറക്കരുത്'. വോട്ട് അഭ്യ‌ർത്ഥിച്ച്, ചിഹ്നം ഓർമ്മിപ്പിച്ച് മറ്റൊരു വേദിയിലേക്ക്.

ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ ഐനിക്കുന്നത്ത്, കൗൺസിലർമാരായ പൂർണിമ സുരേഷ്, ഡോ. ആതിര, ഷാജൻ ദേവസ്വം പറമ്പിൽ, രഘുനാഥ് സി. മേനോൻ, ഏരിയ പ്രസിഡന്റ് സി.ജി. വിനോദ്, സ്മിത ശെൽവൻ, എ.ജി. രമേശൻ എന്നിവരും കുടുംബ സംഗമത്തിൽ പങ്കടുത്തിരുന്നു. ഇന്നലെ രാവിലെ വില്ലടം പള്ളി സന്ദർശനത്തോടെയാണ് പ്രചാരണത്തുടക്കം. വില്ലടം, കുട്ടൻകുളങ്ങര, കിഴക്കേപ്പുറം, അയ്യന്തോൾ തഞ്ചിത്തുക്കാവ്, പുല്ലഴി, പൂർവസൈനിക കുടുംബസംഗമം എന്നിവിടങ്ങളിൽ പങ്കെടുത്തു. ചെട്ടിയങ്ങാടി പള്ളിയിലെ നോമ്പുതുറയിലും സുരേഷ് ഗോപി പങ്കെടുത്തു.


കൈയ്യിൽ രക്ഷാബന്ധൻ
കുടുംബ സംഗമം കഴിഞ്ഞയുടൻ ഏറെ ആരാധനയോടെ ഒരു വീട്ടമ്മയെത്തി. പേപ്പറിൽ പൊതിഞ്ഞ ചരട് കൈയിൽ കെട്ടാൻ അനുവാദം തേടി. സ്നേഹവാത്സല്യത്തോടെ സുരേഷ് ഗോപി വലതുകൈ നീട്ടി. കാറളം കുമരംചിറ ഭഗവതി ക്ഷേത്രത്തിൽ ജപിച്ച ചരടാണെന്ന് അറിയിച്ച് രക്ഷാച്ചരട് അണിയിച്ചു. ഒപ്പം കൈയിലെ കുങ്കുമവും സുരേഷ് ഗോപിക്ക് നൽകി.


ഭരണപക്ഷം ഒരു പക്ഷത്തും കേരള ജനത മറുപക്ഷത്തും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. കേരളത്തിലെ ഭരണത്തിനെതിരെ മറുപടി കൊടുക്കുന്നതിനൊപ്പം വികസനത്തിനായി മറുവഴി തേടണം.
- സുരേഷ് ഗോപി