കുടുംബമായി എത്തുന്നവർക്ക് താമസവും പൗരത്വവും സർക്കാർ ചെലവിൽ, നയാപൈസ മുടക്കാതെ ഈ രാജ്യത്തേക്ക് പറന്ന് ഭാവി സുരക്ഷിതമാക്കാൻ സുവർണാവസരം

Monday 08 April 2024 12:13 PM IST

സാൻ സാൽവ‌ഡോർ: വിദേശ രാജ്യങ്ങളിലെ വിദഗ്ദ്ധരായ തൊഴിലാളികൾക്ക് രാജ്യത്ത് സ്ഥിര താമസമാക്കാൻ 5000 സൗജന്യ പാസ്‌പോർട്ടുകൾ വാഗ്ദാനം ചെയ്ത് എൽ സാൽവഡോർ ഭരണകൂടം. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത ഉയർത്തുന്നതിന്റെ ഭാഗമായാണ് മ​റ്റുരാജ്യങ്ങളിലുളള തൊഴിലാളികളെ എൽസാൽവഡോർ സ്വാഗതം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം എൽ സാൽവഡോർ രാഷ്ട്രപതി നയിബ് ബുക്കെലെയാണ് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപനം നടത്തിയത്.

പ്രവർത്തന മേഖലയിൽ പ്രാവീണ്യം തെളിയിച്ച വിദേശ രാജ്യങ്ങളിലുളള ശാസ്ത്രഞ്ജർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, കലാകാരൻമാർ, തത്വചിന്തകൻമാർ തുടങ്ങിയവർക്കാണ് എൽ സാൽവഡോറിലെത്താൻ പാസ്‌പോർട്ട് സൗജന്യമായി നൽകുന്നത്. പുതിയ പ്രഖ്യാപനത്തിലൂടെ രാജ്യത്ത് എത്തുന്നവർക്ക് പൗരത്വം, വോട്ട് ചെയ്യുന്നതിനുളള അവകാശം, കുടുംബത്തിന്റെ താമസസൗകര്യങ്ങൾ തുടങ്ങിയവ നൽകുന്നതാണെന്നും രാഷ്ട്രപതി വ്യക്തമാക്കിയിട്ടുണ്ട്. ഇത് രാജ്യത്തിന്റെ ഭാവിക്ക് ഗുണം ചെയ്യുമെന്നും ബുക്കെലെ പറഞ്ഞു.

ബുക്കെലെയുടെ നേതൃത്വത്തിൽ നിരവധി മാറ്റങ്ങളാണ് രാജ്യത്ത് നടന്നുവരുന്നത്. എൽ സാൽവഡോറിലെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങളാണ് അദ്ദേഹം നടപ്പിലാക്കിയത്. വിദേശത്ത് നിന്ന് രാജ്യത്തെത്തുന്ന പണത്തിന് അധിക നികുതി ഈടാക്കുന്ന നിയമം ബുക്കെലെയാണ് എടുത്തുകളഞ്ഞത്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് 150,000 ഡോളറിലധികം വരുമാനമുളളവർ രാജ്യത്തെത്തുമ്പോൾ 30 ശതമാനം നികുതിയിനത്തിൽ അടയ്ക്കണമായിരുന്നു. നിയമം മാറിയതോടെ എൽ സാൽവഡോറിൽ വിദേശ നിക്ഷേപത്തിനുളള സാദ്ധ്യത വർദ്ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ നിരീക്ഷണം.

കൂടാതെ രാജ്യത്ത് നടന്നിരുന്ന കു​റ്റകൃത്യങ്ങൾക്കെതിരെയും ഗുണ്ടാ ആക്രമണങ്ങൾ വർദ്ധിക്കുന്നതിനെതിരെയും ബുക്കെലെയുടെ കീഴിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഉണ്ടായി. ഇതോടെ രാജ്യത്തെ ക്രിമിനൽ പ്രവർത്തനങ്ങൾ ഗണ്യമായി കുറഞ്ഞിരുന്നു.

Advertisement
Advertisement