ഉയരുന്ന ചൂടും വെെദ്യുതി ഉപയോഗവും

Tuesday 09 April 2024 1:30 AM IST

കേരളം കൊടുംചൂടിൽ വെന്തുരുകുന്ന നിലയിലാണ്. വെള്ളിയാഴ്ച വരെ ചൂട് ഇനിയും കൂടാനാണ് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട മഴ പെയ്യുന്നതാണ് ഇതിനിടയിലെ ഏക ആശ്വാസം. അതാകട്ടെ തുടർച്ചയായി ഉണ്ടാകാത്തതിനാൽ ഫലത്തിൽ ചൂട് കൂടാനും ഇടയാക്കുന്നു. എട്ട് വർഷത്തിനു ശേഷം വീണ്ടും പ്രത്യക്ഷപ്പെട്ട എൽനിനോ പ്രതിഭാസമാണ് ചൂട് ഇത്രകണ്ട് ഉയരാൻ ഇടയാക്കുന്നതെന്നാണ് വിദ്ധഗ്ദർ പറയുന്നത്. 2016-ലെ എൽനിനോ പ്രതിഭാസത്തിൽ ചൂട് 41.9 ഡിഗ്രി സെൽഷ്യസ് വരെ കേരളത്തിൽ ചില സ്ഥലങ്ങളിൽ ഉയർന്നിരുന്നു. സമാനമായി ഇത്തവണയും പാലക്കാട്ട് ചൂട് 41‌ഡിഗ്രി കടന്നിരിക്കുകയാണ് . കൊല്ലത്തും 40-ന് അടുത്താണ് ചൂട്. 40 ഡിഗ്രി ചൂടെന്നു പറയുന്നത് ഗൾഫിലേതിനും മറ്രും സമാനമായ ചൂടാണ്.

40‌ ഡിഗ്രി കഴിഞ്ഞാൽ അത് ഉഷ്ണതരംഗത്തിന് ഇടയാക്കും. പാലക്കാട്ട് ഇപ്പോൾത്തന്നെ സമാന സാഹചര്യമാണ് നിലനിൽക്കുന്നത്. മറ്റൊരു ജില്ലയിൽക്കൂടി ഈ അവസ്ഥ ഉണ്ടായാൽ സംസ്ഥാനത്ത് ഔദ്യോഗികമായി ഉഷ്ണതരംഗം പ്രഖ്യാപിക്കേണ്ടി വന്നേക്കും. ചൂട് കൂടുന്നതിനൊപ്പം കേരളത്തിൽ വെെദ്യുതി ഉപഭോഗവും കൂടുന്നത് സ്വാഭാവികമാണെങ്കിലും വെെദ്യുതി ഉപഭോഗത്തിൽ ഇത്തവണത്തേതു പോലുള്ള ഒരു വർദ്ധനവ് നാളിതുവരെ ഉണ്ടായിട്ടില്ല. 80- 85 ദശലക്ഷം യൂണിറ്റ് വരെയായിരുന്നു കഴിഞ്ഞ വർഷങ്ങളിലെ ഉയർന്ന ഉപഭോഗം. ഇത്തവണ മൂന്നാഴ്ചയായി 100 ദശലക്ഷം യൂണിറ്റിനു പുറത്താണ് അത്. ഇക്കഴിഞ്ഞ ശനിയാഴ്ച 108.22 യൂണിറ്റായി സർവകാല റെക്കാ‌‌ഡിലെത്തുകയും ചെയ്തു.

പുറത്തുനിന്ന് വെെദ്യുതി വാങ്ങിയാണ് ലോഡ്ഷെഡ്ഡിംഗ് ഒഴിവാക്കി കെ.എസ്.ഇ.ബി പ്രതിസന്ധി നേരിടുന്നത്. എന്തായാലും ഇലക്ഷൻ കഴിയുന്നതു വരെ ലോ‌ഡ്ഷെഡ്ഡിംഗ് ഉണ്ടാകില്ലെന്ന് ഉറപ്പിക്കാം.ഇലക്ഷൻ കാലത്ത് വോട്ട‌ർമാരെ വെറുപ്പിക്കുന്ന ഒരു നടപടിയും ഒരു സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. എന്നാൽ ഇലക്ഷൻ കഴിഞ്ഞാൽ ജനങ്ങളെ വെറുപ്പിക്കുന്നതാണെങ്കിൽക്കൂടി ഇത്തരം കടുത്ത നടപടി സ്വീകരിക്കാൻ ഏതു ഭരണകക്ഷിയും മടിക്കാറുമില്ല. കാലാവസ്ഥാ വ്യതിയാനം കാരണം ഇനിയങ്ങോട്ടുള്ള വർഷങ്ങളിലും ചൂട് കൂടി വരാനാണ് സാദ്ധ്യത. അത് മുൻകൂട്ടിക്കണ്ട് വെെദ്യുതി ഉപഭോഗം കൂട്ടാനുള്ള മാർഗങ്ങളാണ് ബോർഡ് ഇപ്പോഴേ ആസൂത്രണം ചെയ്യേണ്ടത്. അപ്പോഴപ്പോഴുള്ള പ്രതിസന്ധികൾ എങ്ങനെയെങ്കിലും പരിഹരിക്കാനുള്ള കുറുക്കുവഴികൾ നോക്കുക എന്നതല്ലാതെ, ദീർഘകാല പരിഹാര മാർഗങ്ങളെക്കുറിച്ച് ആലോചിക്കാറില്ല.

കൊവി‌ഡ് കാലത്ത് വീടുകളിലെ വെെദ്യുതി ഉപഭോഗം പല മടങ്ങ് ഉയർന്നിരുന്നു. അതേസമയം, സർക്കാർ, സ്വകാര്യ ഓഫീസുകളിലെയും, വ്യവസായ ശാലകളിലെയും, ടൂറിസ്റ്റ് കേന്ദ്രങ്ങളിലെയും മറ്റും വെെദ്യുതി ഉപയോഗം ഗണ്യമായി കുറഞ്ഞിരുന്നു. കൊവിഡിനു ശേഷം വീടുകൾ, വീടുകളായി മാത്രമല്ല, ഓഫീസുകളായിക്കൂടി പ്രവർത്തിക്കുന്ന രീതി ഇനിയും പൂർണമായി മാറിയിട്ടില്ല. രാത്രിയിലും പകലുമായാണ് ഐ.ടി ജോലികളും മറ്റും നടക്കുന്നത്. അതിനാൽ എ.സി ഉപയോഗം രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ വർദ്ധിക്കും. ഇതിനൊക്കെ ഒരു പരിഹാരമാണ് സോളാർ വെെദ്യുതി ഉത്പാദനം പരമാവധി പ്രോത്സാഹിപ്പിക്കുക എന്നത്. കേരളത്തിൽ രണ്ടു ലക്ഷത്തോളം പേർ പ്രധാൻമന്ത്രി സൂര്യഘർ പദ്ധതിയുടെ ഭാഗമായി സോളാർ കണക്ഷന് അപേക്ഷിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിപക്ഷത്തിനും സോളാർ പാനലിന്റെയും മറ്റ് ഘടകങ്ങളുടെയും കുറവു കാരണം കണക്ഷൻ നൽകാൻ കഴിഞ്ഞിട്ടില്ല. സോളാറിനോടുള്ള കെ.എസ് ഇ.ബിയുടെ സമീപനവും നെഗറ്റീവാണ്. ഇത് മാറിയാൽത്തന്നെ പ്രശ്നങ്ങൾ പകുതി പരിഹരിക്കപ്പെടും.

Advertisement
Advertisement