വിസ്മയമായി സമ്പൂർണ സൂര്യഗ്രഹണം, ആദ്യം ദൃശ്യമായത് പസഫിക് സമുദ്രത്തിലെ കുക്ക് ഐലൻഡിന് മുകളിൽ

Tuesday 09 April 2024 1:22 AM IST

ന്യൂയോർക്ക്: വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ അത്ഭുത വിരുന്നൊരുക്കി ഇന്നലെ സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമായി. സൂര്യനെ ചന്ദ്രൻ പൂർണമായും മറച്ചതോടെ ആകാശം പട്ടാപ്പകൽ ഇരുണ്ടത് കൗതുകമായി.

ഈസ്റ്റേൺ ഡേലൈറ്റ് ടൈം അഥവാ ഇ.ഡി.ടി പ്രകാരം രാവിലെ 11.42ന് ആരംഭിച്ച സൂര്യഗ്രഹണം വൈകിട്ട് 4.52 ഓടെ പൂർണമായി ( ഇന്ത്യൻ സമയം ഇന്നലെ രാത്രി 9.13 - ഇന്ന് പുലർച്ചെ 2.22 ).

പസഫിക് സമുദ്രത്തിലെ കുക്ക് ഐലൻഡിന് മുകളിൽ ആദ്യം ദൃശ്യമായ ഗ്രഹണം മെക്സിക്കോയിലും 13 യു.എസ് സംസ്ഥാനങ്ങളിലും ദൃശ്യമായി. കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡും ലാബ്രഡോറുമാണ് സമ്പൂർണഗ്രഹണത്തിന് അവസാനം സാക്ഷ്യം വഹിച്ച വടക്കേ അമേരിക്കൻ പ്രദേശങ്ങൾ. സൂര്യനെ ചന്ദ്രൻ പൂർണമായും മൂടുന്ന ഘട്ടം ( ടോട്ടാലിറ്റി ) 4 മിനി​ട്ടും 28 സെക്കൻഡും നീണ്ടു. ഓരോ സ്ഥലത്തും ദൈർഘ്യത്തിന് വ്യത്യാസമുണ്ടായിരുന്നു.

വടക്കേ അമേരിക്കയിൽ ആദ്യമായി ഈ ഘട്ടം ദൃശ്യമായത് മെക്സിക്കോയുടെ പസഫിക് തീരത്തുള്ള മസറ്റ്ലാനിലാണ്. ഉച്ചയ്ക്ക് 2.07 നായിരുന്നു ഇത് ( ഇന്ത്യൻ സമയം രാത്രി 11.37). തുടർന്ന് തെക്കുകിഴക്കൻ ദിശയിലെ പ്രദേശങ്ങളിൽ ഗ്രഹണം പൂർണമായും ദൃശ്യമായി. 2.27ന് യു.എസിലെ ടെക്സസിൽ ദൃശ്യമായിത്തുടങ്ങി.

പ്രശസ്തമായ നയാഗ്ര വെള്ളച്ചാട്ട മേഖലയിലടക്കം നിരവധി പേർ ഗ്രഹണം കാണാൻ ഒത്തുകൂടിയിരുന്നു. കണ്ണുകളുടെ സുരക്ഷയ്ക്ക് പ്രത്യേക ലെൻസ്,​ സോളാർ ഫിൽട്ടർ എന്നിവ ഉപയോഗിച്ചിരുന്നു. നയാഗ്രയിൽ വൈകിട്ട് 4.18 ഓടെയാണ് പൂർണ ഗ്രഹണം ആരംഭിച്ചത്.

ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിൽ നിന്നും മറ്റും ലക്ഷക്കണക്കിന് പേരാണ് മൂന്ന് മണിക്കൂർ നീണ്ട നാസയുടെ തത്സമയ സംപ്രേക്ഷണത്തിന് യൂട്യൂബിലൂടെ സാക്ഷിയായത്. ആകെ 3.15 കോടിപ്പേർ ഗ്രഹണം കണ്ടെന്നാണ് നാസയുടെ കണക്ക്.