കേന്ദ്ര സർക്കാർ ആദിവാസികളെ അവഗണിച്ചു; രാഹുൽ

Tuesday 09 April 2024 11:06 PM IST

ന്യൂഡൽഹി: ആദിവാസികളെ വനവാസി എന്നു വിശേഷിപ്പിച്ച് അവഗണിക്കുകയാണ് ബി.ജെ.പിയും കേന്ദ്രസർക്കാരും ചെയ്‌തതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. മധ്യപ്രദേശിലെ ആദിവാസി മേഖലയായ ധനോരയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ആദിവാസി, പട്ടികവർഗ, പിന്നാക്ക, സ്‌ത്രീ വിഭാഗങ്ങൾക്ക് കോൺഗ്രസ് പ്രകടന പത്രികയിൽ നൽകുന്ന വാഗ്‌ദാനങ്ങളും അദ്ദേഹം വിശദീകരിച്ചു.

ആദിവാസികളെ അവരുടെ ഭൂമിയിൽ നിന്ന് പിഴുതെറിയാനും വെള്ളത്തിലും വനത്തിലും ഭൂമിയിലുമുള്ള അവരുടെ അവകാശം തട്ടിയെടുക്കാനുമാണ് വനവാസികൾ എന്ന് ബി.ജെ.പി വിശേഷിപ്പിച്ചത്. ആദിവാസികളുടെ ഭൂമി തട്ടിയെടുത്ത് വ്യവസായികൾക്ക് നൽകുന്നു. നഷ്‌ടപരിഹാരം പോലും നൽകുന്നില്ല. ആദിവാസികൾക്ക് അധികാരം ഉറപ്പാക്കുന്ന നിയമങ്ങൾ നടപ്പാക്കിയത് കോൺഗ്രസാണ്. ഇന്ദിരാഗാന്ധിയുടെ കാലത്ത് ആദിവാസികളുടെ ഭൂമി അവർക്ക് തിരിച്ചുനൽകി. കോൺഗ്രസ് പ്രകടനപത്രികയിൽ ആദിവാസി വിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങളുണ്ട്. ആദിവാസി ഭൂരിപക്ഷ മേഖലകളിൽ അവരുടെ അവകാശങ്ങൾ ഉറപ്പാക്കാൻ ആറാം ഷെഡ്യൂൾ നടപ്പാക്കും. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആദിവാസി, പട്ടിക ജാതി, പട്ടിക വർഗ പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ കൈമാറും. ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള അംഗൻവാടി പ്രവർത്തകരുടെ വേതനവും ഇരട്ടിയാക്കും. തൊഴിലില്ലാത്ത യുവാക്കൾക്ക് അപ്രന്റിസ് ഷിപ്പ് നൽകും.

തൊഴിലിലെ കരാർ സമ്പ്രദായം അവസാനിപ്പിക്കുമെന്നും സർക്കാർ മേഖലയിലെ 30 ലക്ഷം ഒഴിവുകൾ നികത്തുമെന്നും കാർഷികോത്പന്നങ്ങൾക്ക് മതിയായ താങ്ങുവില ഉറപ്പാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

സിറ്റിംഗ് എം.പി.യും കേന്ദ്രമന്ത്രിയുമായ ഫഗ്ഗൻ സിംഗ് കുലസ്‌തെയ്‌ക്കെതിരെ മുൻ മന്ത്രിയും എം.എൽ.എയുമായ ഓംകാർ സിംഗ് മർകമിനെയാണ് ധനോര ഉൾപ്പെട്ട സിയോണി ജില്ലയിലെ മണ്ഡലത്തിൽ കോൺഗ്രസ് മത്സരിപ്പിക്കുന്നത്.