 ഡൽഹി സഭയിൽ ബഹളം -- ബി.ജെ.പി അംഗങ്ങളെ ബലംപ്രയോഗിച്ച് നീക്കി

Tuesday 09 April 2024 12:26 AM IST

ന്യൂഡൽഹി : മുഖ്യമന്ത്രി കേജ്‌രിവാളിനെതിരെ ആരോപണമുയർന്ന ഡൽഹി ജൽബോർഡ് ക്രമക്കേടുകളെ കുറിച്ച് ചർച്ച നടത്തണമെന്ന ബി.ജെ.പി എം.എൽ.എമാരുടെ ആവശ്യം ഇന്നലെ നിയമസഭയിൽ വൻ ഒച്ചപ്പാടുണ്ടാക്കി. നടുത്തളത്തിൽ പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങളെ ബലം പ്രയോഗിച്ച് പുറത്താക്കി.

അഴിമതിക്കേസിൽ സഭയിൽ ചർച്ച വേണമെന്ന ആവശ്യം സ്പീക്കർ രാംനിവാസ് ഗോയൽ അംഗീകരിച്ചില്ല. ബി.ജെ.പി എം.എൽ.എ രാംവീർ സിംഗ് ബിധുരിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ജൽബോർഡിനെ കുറിച്ച് ചർച്ച നടന്ന സമയത്ത് ബി.ജെ.പി എം.എൽ.എമാർ പങ്കെടുത്തില്ലെന്നും ഇപ്പോൾ വെറുതേ തടസ്സപ്പെടുത്തുകയാണെന്നും സ്പീക്കർ കുറ്റപ്പെടുത്തി.

സഭയിൽ നിന്ന് പുറത്താക്കപ്പെട്ട എട്ട് ബി.ജെ.പി എം.എൽ.എമാരും നിയമസഭാ വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. 70 അംഗ സഭയിൽ 62 പേരും ആം ആദിമിക്കാരാണ്. 2025 ആദ്യാമാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ്.

ചീഫ് സെക്രട്ടറിക്കെതിരെ

കേസെടുക്കേണ്ടി വരും

ഡൽഹിയിലെ ആശുപത്രികളിൽ മരുന്ന് ദൗർലഭ്യം നേരിടുന്നതിൽ ചീഫ് സെക്രട്ടറിക്കും ആരോഗ്യ സെക്രട്ടറിക്കുമെതിരെ കേസെടുക്കേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് നിയമസഭയിൽ പറഞ്ഞു. മരുന്നുക്ഷാമം പരിഹരിക്കാനുള്ള നടപടിയെടുക്കാൻ പലവട്ടം ചീഫ് സെക്രട്ടറിക്ക് കത്തെഴുതി. അനങ്ങാത്തതിന് പിന്നിൽ ഗൂഢാലോചനയാണെന്നും മന്ത്രി ആരോപിച്ചു.

മറുപടി വോട്ടിലൂടെ;

ആപ്പ് കാമ്പയിൻ

തിഹാർ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി കേജ്‌രിവാളിന് പിന്തുണ തേടി 'ജയിലിലാക്കിയതിന് മറുപടി വോട്ടിലൂടെ' എന്ന കാമ്പയിന് ഇന്നലെ തുടക്കം കുറിച്ചിരിക്കുകയാണ് ആം ആദ്മി പാർട്ടി. കേജ്‌രിവാളിനെ ശാക്തീകരിക്കാനാണിതെന്ന് ദുർഗേഷ് പതക് എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു.