 തെക്കൻ ഗാസയിലെ പിന്മാറ്റം: ഇസ്രയേൽ നീക്കം ഇറാന്റ ആക്രമണം മുന്നിൽക്കണ്ട്

Tuesday 09 April 2024 6:36 AM IST

ടെൽ അവീവ്: ഖാൻ യൂനിസ് അടക്കം തെക്കൻ ഗാസയിൽ നിന്ന് ഭൂരിഭാഗം സൈനികരെയും പിൻവലിക്കാനുള്ള ഇസ്രയേലിന്റെ തീരുമാനം ഇറാന്റെ ആക്രമണ ഭീഷണി കണക്കിലെടുത്തെന്ന് സൂചന. ഒരു ബ്രിഗേഡ് മാത്രമേ തെക്കൻ ഗാസയിൽ അവശേഷിക്കുന്നുള്ളൂവെന്ന് കഴിഞ്ഞ ദിവസം ഇസ്രയേൽ അറിയിച്ചിരുന്നു.

തെക്കൻ ഗാസയിൽ ഈജിപ്ഷ്യൻ അതിർത്തിയോട് ചേർന്നുള്ള റാഫയിൽ കരയാക്രമണം നടത്താനുള്ള തയാറെടുപ്പിന്റെ ഭാഗമാണ് പിന്മാറ്റമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറയുന്നു. എന്നാൽ ഇറാന്റെ ആക്രമണ ഭീഷണി നേരിടാനുള്ള തയാറെടുപ്പിനാണെന്ന് യു.എസ് അടക്കം കരുതുന്നു.

ഈ മാസം ഒന്നിന് സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലുള്ള ഇറാൻ കോൺസുലേറ്റ് ഇസ്രയേൽ തകർത്തിരുന്നു. ഇതിന്റെ പ്രതികാരമായി ഇസ്രയേലിനെ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തയാറെടുപ്പുകളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ സൈനികരുടെ ലീവുകൾ റദ്ദാക്കിയ ഇസ്രയേൽ റിസേർവ് സൈനികരെ സജ്ജമാക്കുകയും വ്യോമപ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കുകയും ചെയ്തിരുന്നു.

ഹിസ്ബുള്ള കമാൻഡറെ വധിച്ചു

അതിനിടെ, തെക്കൻ ലെബനനിലെ അൽ - സുൽത്താനിയ ഗ്രാമത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന ഹിസ്ബുള്ള കമാൻഡർ അലി അഹ്‌മദ് ഹാസിൻ കൊല്ലപ്പെട്ടു. ഗാസയുദ്ധം ആരംഭിച്ച ശേഷം ലെബനനിൽ 270 ഹിസ്ബുള്ള ഭീകരരെ ഇസ്രയേൽ വധിച്ചു. ഏകദേശം അമ്പതോളം സാധാരണക്കാരും ഇവിടെ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടു.

Advertisement
Advertisement