വെള്ളം സിനിമ നിർമ്മാതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

Tuesday 09 April 2024 7:36 AM IST

ആലപ്പുഴ: ജയസൂര്യ നായകനായി എത്തിയ വെള്ളം എന്ന ചിത്രത്തിന്റെ നിർമ്മാതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശി കെ.വി. മുരളീദാസിനെതിരെയാണ് നെടുമുടി പൊലീസ് കേസെടുത്തത്. ഓസ്‌ട്രേലിയന്‍ മലയാളിയും കുട്ടനാട്ടുകാരനുമായ ഷിബു ജോണ്‍ നല്‍കിയ പരാതിയിലാണ് നടപടി.

സ്വന്തമായി ടൈല്‍ നിര്‍മാണക്കമ്പനിയുണ്ടെന്നു വിശ്വസിപ്പിച്ച് നിലവാരമില്ലാത്ത ടൈല്‍ നല്‍കിയെന്നാണ് പരാതി. മുരളീദാസ് നിര്‍മിക്കുന്ന ടൈലുകള്‍ ഓസ്‌ട്രേലിയയില്‍ വില്‍ക്കുന്നതിന് ഷിബു ജോണ്‍ അവിടെ പരസ്യം നല്‍കിയിരുന്നു. ടൈലുകള്‍ അയക്കുന്നതിന് 43,130 ഓസ്‌ട്രേലിയന്‍ ഡോളര്‍ പരാതിക്കാരന്‍ മുരളിക്കു കൈമാറി.

എന്നാല്‍, നിലവാരംകുറഞ്ഞ ടൈലുകളാണ് അയച്ചുകൊടുത്തത്. അതിനാല്‍ വില്‍പ്പന നടന്നില്ല. കസ്റ്റംസ് ക്ലിയറന്‍സ് ഉള്‍പ്പെടെയുള്ളവയ്ക്കായി 3,63,106 ഓസ്‌ട്രേലിയന്‍ ഡോളര്‍ പരാതിക്കാരനു ചെലവായി. അപാകം പരിഹരിച്ച് ടൈലുകള്‍ വീണ്ടും അയച്ചെങ്കിലും പ്രതിയുടെ അശ്രദ്ധമൂലം ചരക്കുകള്‍ മാറിപ്പോയി. ആകെ 1,008,406 ഓസ്‌ട്രേലിയന്‍ ഡോളര്‍ നഷ്ടമുണ്ടായെന്നാണു പരാതി.