ഇന്ത്യൻ വിദ്യാർത്ഥികളുടെ പേടി സ്വപ്‌നമായി മാറുന്ന രാജ്യം; അമേരിക്കയിൽ സംഭവിക്കുന്നതെന്ത്?

Tuesday 09 April 2024 12:56 PM IST

ന്യൂഡൽഹി: അമേരിക്കയിലെ പഠനവും ജോലിയും സ്വപ്‌നം കാണുന്ന യുവതലമുറ ധാരാളമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അമേരിക്കയിൽ ഉന്നതവിദ്യാഭ്യാസം ചെയ്യാൻ നേരത്തെതന്നെ പരിശ്രമിക്കുന്നവരും ധാരാളമുണ്ട്. യുഎസിന്റെ കണക്കുകളനുസരിച്ച് 2022-2023 കാലയളവിൽ 2.6 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് രാജ്യത്തേക്ക് കുടിയേറിയത്. കഴിഞ്ഞ സീസണിനേക്കാൾ 35 ശതമാനം വർദ്ധനവാണ് ഉണ്ടായത്.

എന്നാലിന്ന് ഈ വമ്പൻ രാജ്യം ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ പേടിസ്വ‌പ്നമായി മാറുന്ന കാഴ്‌ചയാണുള്ളത്. അമേരിക്കയിൽ കാണാതാവുകയും മരണപ്പെടുകയും ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയാണ്.

ഒരു മാസമായി കാണാതായ ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥിയെ ന്യൂയോർക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയ വാർത്ത പുറത്തുവരികയാണ്. ക്ളീവ്‌ലാൻഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ മുഹമ്മദ് അബ്ദുൾ അർഫാത്തിനെ (25) ആണ് ഒഹിയോയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അർഫാത്തിന്റെ മരണം ന്യൂയോർക്കിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.

നടുക്കം മാറാതെ ഇന്ത്യൻ സമൂഹം

അമേരിക്കയിൽ കാണാതാവുകയും മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികളിൽ ഈ വർഷം മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന പതിനൊന്നാമത്തെ കേസാണ് അർഫാത്തിന്റേത്. ഏപ്രിൽ ആറിനും ഓഹിയോയിൽ നിന്ന് ഒരു ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണം റിപ്പോർട്ട് ചെയ്തിരുന്നു. ക്ളീവ്‌ലാൻഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയായ ഉമാ സത്യസായ് ഗാദ്ദെയാണ് മരണപ്പെട്ടത്. ഈ വർഷമാദ്യം ഹൈദരാബാദ് സ്വദേശിയായ സെയ്‌ദ് മസാഹി‌ർ അലി ചിക്കാഗോയിൽ ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു.

ജനുവരിയിൽ മാത്രം അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികളാണ് അമേരിക്കയിൽ മരണപ്പെട്ടത്. പർഡ്യൂ സർവകലാശാലയിലെ വിദ്യാർത്ഥിയായ നീൽ ആചാര്യ, ജോർജിയയിലെ വിദ്യാർത്ഥിയായ വിവേക് സൈനി എന്നിവരുടെ മരണവും അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ നടുക്കം രേഖപ്പെടുത്തിയിരുന്നു.

ഇല്ലിനോയിസ് സർവകലാശാല വിദ്യാർത്ഥിയായ അകുൽ ധവാൻ, തെലങ്കാന, ആന്ധ്രാപ്രദേശ് വിദ്യാർത്ഥികളായ ജി ദിനേഷ്, നികേഷ് എന്നിവരാണ് അമേരിക്കയിൽ ഉപരിപഠനത്തിനായി എത്തി മരണപ്പെട്ട മറ്റ് ഇന്ത്യൻ വിദ്യാർത്ഥികൾ.

മരണങ്ങൾക്ക് പിന്നിലെ കാരണം?

2018 മുതൽ 403 ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശത്ത് മരിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 36 മരണങ്ങൾ യുഎസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതാണെന്ന് വിദേശകാര്യ മന്ത്രി വി മുരളീധരൻ 2023 ഡിസംബറിൽ രാജ്യസഭയിൽ പറഞ്ഞിരുന്നു. സ്വാഭാവിക കാരണങ്ങളും അപകടങ്ങളും അസുഖങ്ങളുമാണ് ഇന്ത്യൻ വിദ്യാർത്ഥികളുടെ മരണകാരണമായി അധികൃതർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ വിദ്യാർത്ഥികളിൽ ചിലർ വംശീയ വിദ്വേഷത്തിന്റെ ഇരകളായി മരണപ്പെട്ടതാണെന്നും റിപ്പോർട്ടുകളുണ്ട്.

അമേരിക്കയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഭയമാണെന്നും എപ്പോഴും ജാഗരൂകരായി കഴിയേണ്ട അവസ്ഥയാണെന്നും പല വിദ്യാർത്ഥികളും വെളിപ്പെടുത്തുന്നു. യുഎസിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഉയർന്ന തലത്തിലുള്ള ആശങ്കയുണ്ടെന്ന് 2017ലെ ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ ശാരീരിക സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണെന്നും അമേരിക്കക്കാർക്കിടയിൽ സ്വാഗതം ചെയ്യപ്പെടുന്നില്ലെന്ന അനുഭവം ഉണ്ടെന്ന് പല ഇന്ത്യൻ വിദ്യാർത്ഥികൾ വെളിപ്പെടുത്തിയതായും പഠനത്തിൽ വ്യക്തമാക്കുന്നു.

യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമായ ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ എഡ്യൂക്കേഷൻ (ഐ ഐ ഇ) ആണ് സർവേ നടത്തിയത്. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസിലെ പഠന സാദ്ധ്യതയെക്കുറിച്ച് ഉയർന്ന തലത്തിലുള്ള ആശങ്കയുണ്ടെന്ന് പഠനത്തിൽ അഭിപ്രായപ്പെടുന്നു. ശാരീരിക സുരക്ഷയെക്കുറിച്ചാണ് 80 ശതമാനം വിദ്യാർത്ഥികളും ആശങ്കപ്പെടുന്നത്. തങ്ങൾ യു എസിൽ സ്വാഗതാഹർരല്ലെന്നാണ് 30 ശതമാനം വിദ്യാർത്ഥികളും ആശങ്കപ്പെടുന്നതെന്നും പഠനത്തിൽ പറയുന്നു. ഇക്കാരണത്താൽ തന്നെ പഠനത്തിനായും തൊഴിലിനായും മറ്റ് രാജ്യങ്ങളെ ആശ്രയിക്കാൻ ഇന്ത്യൻ വിദ്യാർത്ഥികൾ നിർബന്ധിക്കപ്പെടുന്നു എന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.