ഡൽഹി  മദ്യനയക്കേസ്; അരവിന്ദ്  കേജ്‌രിവാളിന് തിരിച്ചടി, ഹെെക്കോടതി ജാമ്യം നിഷേധിച്ചു

Tuesday 09 April 2024 4:19 PM IST

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ജാമ്യ ഹർജി ഹെെക്കോടതി തള്ളി. അറസ്റ്റ് നിയമപരമാണെന്നും കേജ്‌രിവാൾ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും ഹെെക്കോടതി വ്യക്തമാക്കി.

മദ്യനയഅഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ചോദ്യംചെയ്ത് അരവിന്ദ് കേജ്‌രിവാൾ സമർപ്പിച്ച ഹർജിയിരുന്നു വിധി. ഡൽഹി ഹെെക്കോടതി ജസ്റ്റിസ് സ്വർണകാന്ത ശർമയുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അറസ്റ്റ് നിയമവിരുദ്ധമാണോയെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് ഹർജിയെന്നും ജാമ്യം അനുവദിക്കാനുള്ളതല്ലെന്നും കോടതി വ്യക്തമാക്കി. കോടതി വിധിയുടെ പശ്ചാത്തലത്തിൽ അരവിന്ദ് കേജ്‌രിവാൾ വീണ്ടും ജയിലിൽ തുടരും.

മാർച്ച് 21ന് രാത്രി ഒമ്പത് മണിയോടെയാണ് ഇഡി അരവിന്ദ് കേജ്‍രിവാളിനെ അറസ്റ്റ് ചെയ്യുന്നത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റ് തടയണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഇഡി സംഘം വാറണ്ടുമായി കേജ്‍രിവാളിന്റെ വീട്ടിലെത്തുകയായിരുന്നു. അതിനിടെ കേജ്‍രിവാളിന്റെ അറസ്റ്റിനെതിരെ എഎപിയുടെ പ്രതിഷേധം തുടരുകയാണ്.