കേരളത്തിനും നേട്ടമുള്ള ഏറ്റവും വലിയ റെയില്‍വേ വികസന പദ്ധതി, യാത്രസമയം മണിക്കൂറുകള്‍ കുറയും

Tuesday 09 April 2024 6:49 PM IST

തിരുവനന്തപുരം: മറ്റൊരു ട്രെയിന്‍ കടന്ന് പോകുന്നതിനായി നമ്മള്‍ യാത്ര ചെയ്യുന്ന ട്രെയിന്‍ പിടിച്ചിടുന്നത് പോലെ ബുദ്ധിമുട്ടുള്ള കാര്യമില്ല യാത്രക്കാരെ സംബന്ധിച്ച്. ഒറ്റപാതയാണ് പലപ്പോഴും ഇത്തരം സാഹചര്യം സൃഷ്ടിക്കുന്നത്. യാത്രാ സമയം മണിക്കൂറുകള്‍ കുറയുകയും മലയാളികള്‍ക്കും നേട്ടമുള്ളതുമായ റെയില്‍വേ വികസന പദ്ധതി യാഥാര്‍ത്ഥ്യത്തിലാകുകയാണ്.

തമിഴ്‌നാട്ടിലെ കന്യാകുമാരി ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകള്‍ക്ക് ഗുണകരമായ ചെന്നൈ-കന്യാകുമാരി റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുകയാണ്. നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് എത്തുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നത് തെക്കന്‍ കേരളത്തിലെ യാത്രക്കാര്‍ക്കും വലിയ ഗുണം സമ്മാനിക്കും. ചെന്നൈ കന്യാകുമാരി റൂട്ടിലെ യാത്ര കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കുറയും.

ഈ റൂട്ടിലൂടെ കേരളത്തിലേക്ക് ഓടുന്ന ട്രെയിനിലെ യാത്രാ സമയവും കുറയുമെന്നതാണ് കേരളത്തിലെ തെക്കന്‍ ജില്ലകള്‍ക്ക് നേട്ടമാകുന്നത്.

2021ല്‍ മധുര വരെയുള്ള ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കി. മധുര, തിരുനെല്‍വേലി, നാഗര്‍കോവില്‍, കന്യാകുമാരി പാത നിര്‍മാണം പിന്നാലെ ആരംഭിച്ചെങ്കിലും കൊവിഡ് വ്യാപനം അടക്കമുള്ള പ്രതിസന്ധികള്‍ കാരണം നിര്‍മാണം വൈകി. നിലവില്‍ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും പരീക്ഷണ ഓട്ടവും പൂര്‍ത്തിയാക്കി. റെയില്‍വേയുടെ പച്ചക്കൊടി ലഭിക്കുന്നതോടെ ഇരട്ടപ്പാതയിലൂടെ സര്‍വീസുകള്‍ ആരംഭിക്കും.

ഇരട്ടപ്പാത യാഥാര്‍ഥ്യമാകുന്നതോടെ സമയത്തില്‍ ഒരു മണിക്കൂറോളം കുറവുണ്ടാകുമെന്നതാണു പ്രധാന നേട്ടം. ട്രെയിനുകള്‍ പിടിച്ചിടുന്നതിലെ കാലതാമസം ഒഴിവാക്കി കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാമെന്നതുമാണു മറ്റൊരു ഗുണം.

മലയാളിക്ക് ഗുണമാകുന്നത് എങ്ങനെ?

തമിഴ്‌നാട്ടില്‍ ഇരട്ടപ്പാത വന്നാല്‍ കേരളത്തിന് എന്താണ് ഗുണം എന്ന് ചിന്തിക്കേണ്ട. മധുര വഴിയുള്ള യാത്രാ സമയം കൂടുതലാണെന്നതിനാല്‍ മിക്ക യാത്രക്കാരും പാലക്കാട് വഴിയാണു നിലവില്‍ തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളിലേക്കു പോകുന്നത്. മധുര വഴിയുള്ള യാത്രാ സമയം കുറയുന്നതോടെ കൂടുതല്‍ പേര്‍ക്ക് ഈ പാതയിലേക്കു മാറും. ഉത്സവ സീസണുകളില്‍ പാലക്കാട് വഴിയുള്ള ട്രെയിനുകളില്‍ പലപ്പോഴും ടിക്കറ്റ് കിട്ടാന്‍ ബുദ്ധിമുട്ടായതിനാല്‍ പുതിയ പാത വലിയ ആശ്വാസം നല്‍കും.

Advertisement
Advertisement