ചെമ്മീന്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം, സൂക്ഷിച്ചില്ലെങ്കില്‍ മരണം വരെ സംഭവിച്ചേക്കാം
ചെമ്മീന്‍ കഴിച്ചതിനെ തുടര്‍ന്നുണ്ടായ അലര്‍ജി കാരണം 20കാരി മരിച്ച വാര്‍ത്ത വലിയ ഞെട്ടലും വേദനയുമുണ്ടാക്കിയിരുന്നു. പാലക്കാട് സ്വദേശി നികിതയാണ് തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ചെമ്മീന്‍ കാരണം മരണം വരെ സംഭവിക്കാം, അതുകൊണ്ട് തന്നെ പല കാര്യങ്ങളും ശ്രദ്ധിക്കണം.
ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ചിലരില്‍ അലര്‍ജിയുണ്ടാക്കിയേക്കാം. അലര്‍ജി ഉണ്ടാകുന്നത് തിരിച്ചറിയാതെ പോയാല്‍ അത് മരണം വരെ സംഭവിക്കുന്നതിന് കാരണമാകും. ചെമ്മീന്‍ കഴിക്കുന്നത് പലര്‍ക്കും അലര്‍ജിയുണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. ചൊറിച്ചില്‍ അനുഭവപ്പെടുന്നതാണ് ചെമ്മീന്‍ കഴിച്ചത് കാരണമുണ്ടാകുന്ന അലര്‍ജിയുടെ പ്രധാന ലക്ഷണം.
ശരീരത്തില്‍ തടിപ്പുകളുണ്ടാകുകയും പിന്നീട് അത് ചൊറിച്ചിലായി മാറുകയും ചെയ്യും. കണ്ണ്, വായ, ത്വക്ക് എന്നീ ശരീരഭാഗങ്ങളിലാണ് കൂടുതലായും ചൊറിച്ചില്‍ അനുഭവപ്പെടുക. എക്‌സിമ അഥവാ അറ്റോപ്പിക് ഡെര്‍മറ്റൈറ്റിസ് എന്നും ഈ അവസ്ഥയെ അറിയപ്പെടുന്നു. ചര്‍മ്മത്തില്‍ തവിട്ട് നിറത്തിലുള്ള പാടുകള്‍ പ്രധാനപ്പെട്ട ഒരു ലക്ഷണമാണ്.
ചെമ്മീന്‍ കഴിച്ച് കഴിഞ്ഞാല്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും നെഞ്ച് വേദനയും അനുഭവപ്പെട്ടാല്‍ എത്രയും വേഗം വൈദ്യസഹായം തേടണം. ചെമ്മീന്‍ കഴിക്കുന്നത് നിങ്ങള്‍ക്ക് അലര്‍ജിയുണ്ടാക്കുന്നവെന്നതിന് പ്രധാന ലക്ഷണങ്ങളാണ് തളര്‍ച്ചയും തല കറക്കവും. ഇത്തരം ലക്ഷണങ്ങള്‍ നിസാരമായി കാണരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.