സുനിൽകുമാറിനെ വരവേറ്റ് മന്ത്രിയുടെ പാട്ട്, ചീരയും കണിക്കൊന്നയുമായി മഴുവഞ്ചേരിക്കാർ

Wednesday 10 April 2024 12:07 AM IST

തൃശൂർ: 'കുറിവരച്ചാലും കുരിശുവരച്ചാലും കുമ്പിട്ട് നിസ്‌കരിച്ചാലും കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന് കരുണാമയനാം ദൈവമൊന്ന്... ' തുറമുഖം, മ്യൂസിയം മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി പാടുകയാണ്. തൃശൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാർ പ്രചാരണവേദിയിലിരുന്ന് പാട്ടുകേട്ട് ആസ്വദിക്കുന്നു. ജനങ്ങൾക്കൊപ്പം കൈയടിക്കുന്നുണ്ട്, എൽ.ഡി.എഫ് തൃശൂർ പാർലമെന്റ് മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, മുരളി പെരുന്നെല്ലി എം.എൽ.എയും മുന്നണി നേതാക്കളായ പി.കെ. രാജൻ മാസ്റ്ററും എ.വി. വല്ലഭനുമെല്ലാം മന്ത്രിയുടെ പാട്ടിൽ മുഴുകി. പ്രസംഗം കഴിഞ്ഞ് സുനിൽകുമാർ വേദി വിട്ടിറങ്ങിയപ്പോൾ ജനങ്ങൾ വളഞ്ഞു. ഷാളണിയിച്ചും കണിക്കൊന്നയും പൂക്കളും നൽകിയും അവർ സ്ഥാനാർത്ഥിയെ വരവേറ്റു. മുൻ കൃഷിമന്ത്രിയായ സുനിൽകുമാറിന് കൃഷിയിടത്തിൽ വിളയിച്ച ചീരയുടെ കെട്ടും സമ്മാനിച്ചു. മണലൂർ മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനപരിപാടിക്ക് അങ്ങനെ ഊഷ്മളവും ഹൃദ്യവുമായി തുടക്കമിട്ടു.

മഴുവഞ്ചേരി ഇ.എം.എസ് നഗറിൽ രാവിലെ എട്ടുമണിയോടെയായിരുന്നു സ്വീകരണം. രാവിലെ ഏഴ് മുതൽ തന്നെ മഴുവഞ്ചേരിയിലെ ജനങ്ങൾ സ്ഥാനാർത്ഥിയെ കാണാൻ ഓടിയെത്തിയിരുന്നു. തുറന്ന വാഹനത്തിൽ കയറി ജനങ്ങളെ അഭിവാദ്യം ചെയ്തായിരുന്നു സുനിൽകുമാർ മണലൂർ നിയമസഭാ മണ്ഡലത്തിന്റെ അതിർത്തിയായ മഴുവഞ്ചേരിയിൽ നിന്ന് മടങ്ങിയത്. തൊട്ടുപിന്നാലെ ബൈക്കുകളിൽ പ്രവർത്തകരും പിന്തുടർന്നു.


മണലൂരിന്റെ മനസറിഞ്ഞ്...

കാർഷികസമൃദ്ധിയുടെ മേഖലയായ മണലൂർ മണ്ഡലത്തിൽ 38 ഓളം സ്വീകരണ കേന്ദ്രങ്ങളിലൂടെയായിരുന്നു സുനിൽകുമാറിന്റെ പര്യടനം. കേച്ചേരിയും ചൂണ്ടലും മരുതയൂരും അരിയന്നൂരും കടക്കുമ്പോൾ ഉച്ചവെയിലിന് തീച്ചൂടായിരുന്നു. കുട്ടനിറയെ ഫലങ്ങളുമായി വിഷുക്കണിയും കണിക്കൊന്നയും തണ്ണിമത്തനും ഇളനീരും സുനിൽകുമാറിന്റെ ഛായാചിത്രങ്ങളുമെല്ലാമായി സ്ത്രീകൾ അടക്കമുള്ളവർ സ്ഥാനാർത്ഥിയെ വരവേറ്റു. ചെങ്കൊടികളും ചുവന്ന ബലൂണുകളുമായി തൊപ്പിയഞ്ഞ് നിരവധി കുട്ടികളും സ്വീകരണ കേന്ദ്രങ്ങളിലെത്തി. മണലൂരിലെ നെൽകർഷകരുടെയും സാധാരണക്കാരായ തൊഴിലാളികളുടെയും മനസറിഞ്ഞ് ഗ്രാമങ്ങളിലൂടെ കടന്നുപോയ പര്യടനം വാടാനപ്പിളളിയിലാണ് സമാപിച്ചത്.

ബി.ജെ.പി തന്ത്രങ്ങളെ അതിജീവിക്കും

തിരഞ്ഞെടുപ്പ് സമയത്ത് സി.പി.എമ്മിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചതും കേന്ദ്ര അന്വേഷണ ഏജൻസികൾ നേതാക്കളെ വേട്ടയാടുന്നതുമെല്ലാം എന്തിനാണെന്ന് ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പിയുടെ ഘടകകക്ഷി എന്ന നിലയിലാണ് ഇ.ഡി പ്രവർത്തിക്കുന്നത്. ഈ തന്ത്രങ്ങളെല്ലാം അതിജീവിക്കാൻ ഇടതുമുന്നണിക്ക് കരുത്തുണ്ട്. പ്രധാനമന്ത്രി തൃശൂരിൽ എത്ര തവണ വന്നിട്ടും കാര്യമില്ല. വലിയ സ്വീകരണമാണ് പ്രചാരണ വഴികളിൽ ജനങ്ങളിൽ നിന്ന് തനിക്ക് ലഭിക്കുന്നത്.

- വി.എസ്. സുനിൽകുമാർ

Advertisement
Advertisement