കൽപ്പാത്തി പോരാട്ടം: ജ്വലിക്കുന്ന ചരിത്രം

Wednesday 10 April 2024 12:58 AM IST

ഈ രാജ്യത്തിന്റെ ജാതി ഏർപ്പാടാണ് നമ്മുടെ ബാധ. അതിന്റെ വേരും നാരും തിരഞ്ഞ് പറിച്ചുകളഞ്ഞാലേ നമുക്ക് രക്ഷയുള്ളൂ. അതിന്റെ ചെറിയ മുന മാത്രമാണ് കൽപ്പാത്തി.

- സഹോദരൻ അയ്യപ്പൻ

നൂറു വർഷം മുമ്പ്,​ വർണാശ്രമ ചാതുർവർണ്യ വ്യവസ്ഥയ്ക്കെതിരെ പാലക്കാട് കൽപ്പാത്തിയിൽ പ്രബുദ്ധ ഈഴവ സമുദായത്തിന്റെ നേതൃത്വത്തിൽ നടന്ന വിപ്ലവകരമായ പോരാട്ടമാണ് കൽപ്പാത്തി സമരം. കൽപ്പാത്തി പോരാട്ടം കേവലം സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമായിരുന്നില്ല. അധ:കൃതരെന്ന് ബ്രാഹ്മണ്യം മുദ്രകുത്തിയ ജനവിഭാഗം,​ തങ്ങൾ ആത്മാഭിമാനമുള്ള തുല്യ പൗരരാണെന്ന് പ്രഖ്യാപിച്ച കേരള ചരിത്രത്തിലെ അതുല്യമായ വിപ്ലവ പോരാട്ടമായിരുന്നു അത്.

1924 സെപ്റ്റംബർ 25 ന് ഒരു സർക്കാർ ഉത്തരവ് പുറപ്പെടുന്നതു വരെ കൽപ്പാത്തി ക്ഷേത്രവീഥിയിൽ (അഗ്രഹാര വീഥി ഉൾപ്പെടെ) ഈഴവരുൾപ്പെടെയുള്ള അവർണ സമുദായങ്ങൾക്ക് പ്രവേശനം നിഷിദ്ധമായിരുന്നു. എന്നാൽ സർക്കാർ ഉത്തരവ് വന്നതിനെ തുടർന്ന് 1924- ൽ കൽപ്പാത്തി രഥോത്‌സവ കാലത്ത് ഗ്രാമവീഥിയിൽ പ്രവേശിക്കുവാൻ ഈഴവ സമുദായത്തിലെ സ്വാതന്ത്ര്യേച്ഛുക്കൾ ദൃഢനിശ്ചയം ചെയ്തു. ബ്രാഹ്മണ്യത്തിന്റെ ശ്രേണീകരണ അസമത്വത്തിനെതിരായുള്ളതായിരുന്നു ആ തീരുമാനം.

1924 നവംബർ 13 -ന് കല്പാത്തിയിൽ പ്രവേശിച്ച നിരായുധരായ ഈഴവ മഹാജനങ്ങളെ ബ്രാഹ്മണർ കല്ലും വടിയും കൊണ്ടാണ് നേരിട്ടത്. കണ്ണിൽ മണൽ വാരിയെറിഞ്ഞും കല്ലെറിഞ്ഞും വടി കൊണ്ടടിച്ചും കൽപ്പാത്തി ബ്രാഹ്മണർ ഈഴവരെ നേരിട്ട് ഉപദ്രവിച്ചു. ഉപദ്രവമേറ്റവരിൽ പ്രധാനികളായിരുന്നു ടി.കെ. ചാമി, ദാമോദരൻ, പത്മനാഭൻ തുടങ്ങിയവർ. കഠിനമായി മുറിവേറ്റ എം.പി. രാഘവനെ രക്ഷിച്ചത് ഒരു മുസൽമാനായിരുന്നു എന്ന് ഇ.കെ. ചാമി രേഖപ്പെടുത്തുന്നുണ്ട്. ഈഴവർ പ്രവേശിച്ച അശുദ്ധി നീക്കം ചെയ്യുന്നതിനായി പുണ്യാഹവും മറ്റ് പരിഹാര ക്രിയകളും ചെയ്താണ് കൽപ്പാത്തിയിൽ പിന്നീട് രഥോത്സവം അരങ്ങേറിയത്.

കൽപ്പാത്തിയിൽ ഏത് സമുദായത്തിൽപ്പെട്ട വ്യക്തിക്കും പ്രവേശിക്കുന്നതിനും സഞ്ചരിക്കുന്നതിനുമുള്ള അനുവാദം സർക്കാർ ഉത്തരവായി പുറപ്പെടുവിച്ചിട്ടും കൽപ്പാത്തിയിലെ പൗരോഹിത്യ യാഥാസ്ഥിതികത്വം അത് അനുവദിച്ചില്ല. ഇതേത്തുടർന്ന് ടി.കെ. മാധവനും ശ്രീനാരായണ ഗുരു ദേവന്റെ പ്രിയ ശിഷ്യൻ സത്യവ്രത സ്വാമികളും പാലക്കാട്ടെത്തി. സത്യവ്രത സ്വാമികളുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അയിത്തം ഇല്ലാതാക്കാനും പൊതുസ്ഥലങ്ങളിൽ എല്ലാവരും പ്രവേശിക്കേണ്ടതിനെ പറ്റിയും പ്രമേയങ്ങൾ അവതരിപ്പിക്കപ്പെട്ടു. തുടർന്ന് കൽപ്പാത്തി പ്രവേശനത്തെ അനുകൂലിക്കുന്ന സവർണരുടെ ഒരു യോഗവും സത്യവ്രത സ്വാമികളുടെ സാനിദ്ധ്യത്തിൽ പാലക്കാട് അകത്തേത്തറയിൽ നടന്നു.

1924 ലെ സംഭവത്തെ തുടർന്ന് 1925 ഒക്ടോബർ 31 ന് "ആര്യസമാജികളായിത്തീർന്ന" പന്ത്രണ്ടോളം ഈഴവർ കൽപ്പാത്തി അഗ്രഹാരത്തിൽ ആര്യസമാജിയായ വേദബന്ധുവിനൊപ്പം പ്രവേശിച്ചു. അന്നും ഇരുനൂറോളം വരുന്ന ബ്രാഹ്മണർ വടിയുമായി വേദബന്ധുവിനെയും സംഘത്തെയും നേരിട്ടു. പക്ഷേ, വേദബന്ധു പട്ടരുടെ കൈയിൽ നിന്ന് വടി പിടിച്ചുവാങ്ങി,​ എതിർത്തവരെ കണക്കിന് പ്രഹരിച്ചു. അങ്ങനെ ബ്രാഹ്മണ്യ അസമത്വ വ്യവസ്ഥയ്ക്കെതിരെ ശക്തമായ പോരാട്ടത്തിലൂടെ വിജയം വരിച്ച ചരിത്രത്തിലെ അതുല്യമായ പോരാട്ടമാണ് കൽപ്പാത്തി സമരം.

1925 ൽ മിതവാദി എഴുതി: 'കൽപ്പാത്തി സംഭവം താഴ്ത്തപ്പെട്ട ജാതിക്കാർ ജാതി ഹിന്ദുക്കളോട് ഉണ്ടായിട്ടുള്ള ഒന്നാമത്തെ വിജയമായി ഞങ്ങൾ കരുതുന്നു!"

(സംസ്കൃത അദ്ധ്യാപകനും തന്ത്രശാസ്ത്ര പണ്ഡി​തനുമാണ് ലേഖകൻ. ഫോൺ​: 94962 74127)

Advertisement
Advertisement