സമൂഹ മാദ്ധ്യമങ്ങളിലെ അഭിപ്രായ സ്വാതന്ത്ര്യം

Wednesday 10 April 2024 1:05 AM IST

നിരന്തരം നിർവചിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് അഭിപ്രായ സ്വാതന്ത്ര്യം. എങ്ങനെയെല്ലാം വ്യാഖ്യാനിച്ചാലും,​വായിൽത്തോന്നുന്നത് പറയാനുള്ള അവകാശമല്ല അത്. അഭിപ്രായങ്ങൾ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യം മാനിക്കുന്നതാകണം,​ മാന്യവും സഭ്യവുമാകണം. ഇങ്ങനെയല്ലാത്ത അഭിപ്രായ പ്രകടനങ്ങൾ ആക്ഷേപവിധേയമായപ്പോഴെല്ലാം കോടതികൾ ഇടപെട്ടിട്ടുണ്ട്. അതേസമയം,​ ആ ഇടപെടലിൽ ഏറെ ശ്രദ്ധേയമായ ഒന്നാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി നടത്തിയത്. യു ട്യൂബിൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരെയെല്ലാം ജയിലിലടയ്ക്കാൻ പോയാൽ,​ എത്ര പേരെ അകത്തിടേണ്ടിവരും എന്നായിരുന്നു ആ ചോദ്യം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന കേസിൽ 2021-ൽ അറസ്റ്റിലായ 'സാട്ടൈ' ദുരൈ മുരുഗൻ എന്ന തമിഴ് യു ട്യൂബറുടെ ജാമ്യം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധി ചോദ്യംചെയ്ത് അദ്ദേഹം സമർപ്പിച്ച ഹർജിയിലായിരുന്നു ഈ ചോദ്യം. നേരത്തേ പറഞ്ഞ സുപ്രധാന നിരീക്ഷണത്തോടെ ദുരൈ മുരുഗന്റെ ജാമ്യം കോടതി പുന:സ്ഥാപിക്കുകയും ചെയ്തു.

എന്താണ് അപകീർത്തികരമെന്ന് ആര് തീരുമാനിക്കുമെന്നായിരുന്നു മറ്റൊരു ചോദ്യം. തമിഴ് ഈഴം അനുകൂല രാഷ്ട്രീയകക്ഷിയായ നാം തമിഴർ കക്ഷി പ്രവർത്തകനാണ് മുരുഗൻ. പരാതിക്കാരൻ ഡി.എം.കെ പ്രവർത്തകനും. ഒരു പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നയാൾ,​ മറ്രൊരു രാഷ്ട്രീയവിശ്വാസം പുലർത്തുന്നയാളെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കുമ്പോൾ അതിലെ അപകീർത്തിയുടെ ഭാഗം ആര് തീരുമാനിക്കും?​ വീണ്ടും ഇത്തരം പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് മുരുഗനെ വിലക്കണമെന്ന ആവശ്യവും കോടതി തള്ളി. അപകീർത്തി പരാമർശം നീക്കംചെയ്തു കിട്ടാൻ നിയമപരമായ മാർഗങ്ങളുണ്ട്. അതിന് സാങ്കേതിക സൗകര്യങ്ങളുമുണ്ട്. അതിനു പകരം,​ അഭിപ്രായം പറയുന്നയാളുടെ വായ് മൂടിക്കെട്ടാൻ എങ്ങനെ തീരുമാനിക്കാനാകും?​

സമൂഹമാദ്ധ്യമങ്ങളുടേതാണ് പുതിയ കാലം. രാജ്യതാത്പര്യത്തിന് വിരുദ്ധമാകുന്നതോ,​ രാജ്യസുരക്ഷയെ ബാധിക്കുന്നതോ,​ മതസ്പർദ്ധയോ കലാപമോ സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതോ അല്ലാത്ത ഏത് അഭിപ്രായവും പ്രകടിപ്പിക്കാൻ ഓരോ പൗരനും അവകാശമുണ്ട്. എന്നാൽ,​ ഒരാൾ ഒരു പൊതുപ്രവർത്തകനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നെങ്കിൽ ആരോപിതന് കോടതിയെ സമീപിക്കാം. തന്റെ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാനുള്ള ബാദ്ധ്യത അത് ഉന്നയിച്ചയാൾക്കുണ്ട്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ കോടതികൾ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുമുണ്ട്. ആരോപണമല്ല അഭിപ്രായം. അഭിപ്രായങ്ങൾക്ക് തെളിവുകൾ ഹാജരാക്കാനുമാകില്ല. അതുകൊണ്ടാണ്,​ ദുരൈ മുരുഗന്റെ ജാമ്യം പുന:സ്ഥാപിച്ചു കിട്ടിയത്.

സമൂഹമാദ്ധ്യമങ്ങൾ ഏറ്രവും സജീവമായ കാലത്ത് ഇത്തരം ആക്ഷേപങ്ങളും പരാതികളും സ്വാഭാവികം. സാധാരണ പൗരന്മാരുടെ സ്വതന്ത്ര അഭിപ്രായ പ്രകടന വേദികളാണ് ഈ സൈബർ ഇടങ്ങൾ. അവിടെ പാലിക്കേണ്ട സാമാന്യ മര്യാദകളുണ്ട്. അതാകട്ടെ,​ സമൂഹത്തിൽ ഒരാൾ എങ്ങനെ പെരുമാറണമെന്ന സാമാന്യ മര്യാദകളാണ് താനും. ഒരാൾക്ക് മറ്രൊരാളെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിനു തുല്യമാണ്,​ രണ്ടാമന് തന്റെ വ്യക്തിത്വവും മാന്യതയും ഹനിക്കപ്പെടാതിരിക്കാനുള്ള സ്വാതന്ത്ര്യവും. ഏതെങ്കിലും അഭിപ്രായപ്രകടനം ​അപകീർത്തികരമെന്ന് ആരു തീരുമാനിക്കുമെന്ന് പരമോന്നത കോടതി ചോദിച്ചിരിക്കെ അത്തരം അതിർവരമ്പുകൾ നിശ്ചയിക്കേണ്ടത് ഓരോരുത്തരും തന്നെ. അഭിപ്രായങ്ങൾ ഉണ്ടാകട്ടെ. അതാണ് ജനാധിപത്യത്തിന്റെ ശക്തി; അതിന്റെ പേരിൽ ആരെയെങ്കിലും തുറുങ്കിലടയ്ക്കുന്നത് ജനാധിപത്യത്തിന്റെ തോൽവിയും.