മതനിരപേക്ഷത തകർത്തു: മുഖ്യമന്ത്രി

Wednesday 10 April 2024 12:30 AM IST

കൊല്ലം: വിദ്യാഭ്യാസം, ആരോഗ്യം, ജീവിതനിലവാരം അടക്കമുള്ളവയിൽ നമ്പർ വൺ ആണെന്നതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കാൻ കഴിയുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. അത് മറച്ചുവയ്ക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. അതിന്റെ ഭാഗമായാണ് ഇപ്പോൾ ഒരു സിനിമ പ്രദർശിപ്പിക്കുന്നത്.

ആർ.എസ്.എസ് നേതൃത്വം കൊടുക്കുന്ന ബി.ജെ.പി അധികാരത്തിൽ വന്നതോടെ രാജ്യത്തിന്റെ പ്രധാനപ്പെട്ട മൂല്യങ്ങളായ മതനിരപേക്ഷത, ജനാധിപത്യം, സ്വാതന്ത്ര്യം ദേശീയോദ്ഗ്രഥനം എന്നിവ തകർത്തെറിയപ്പെട്ടു. കേന്ദ്ര സർക്കാർ രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കുമ്പോൾ കോൺഗ്രസ് നേതൃത്വം മൗനം പാലിക്കുകയാണ്. ഇന്ത്യ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ ഒരോന്നായി തകരുന്ന ഘട്ടത്തിൽ നടക്കുന്ന ഈ തിരഞ്ഞെടുപ്പിന് ഏറെ പ്രാധാന്യമുണ്ട്. ചവറ, കണ്ണനല്ലൂർ, ചടയമംഗലം എന്നിവിടങ്ങളിലെ യോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്.