മോദി ഭരണത്തിൽ ചൈനയ്ക്ക് ഒരിഞ്ച് മണ്ണ് വിട്ടുകൊടുത്തില്ല: ഷാ

Wednesday 10 April 2024 12:15 AM IST

ദിസ്‌പൂർ: മോദി സർക്കാരിന്റെ കാലത്ത് ചൈനയ്ക്ക് ഒരിഞ്ച് ഭൂമി കൈയേറാൻ കഴിഞ്ഞില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അസാമിലെ ലഖിംപൂരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 1962ലെ ചൈനീസ് ആക്രമണകാലത്ത് ജവഹർലാൽ നെഹ്‌റു ആസാമിനോടും അരുണാചൽ പ്രദേശിനോടും 'ബൈ ബൈ" പറഞ്ഞത് ജനങ്ങൾ മറക്കില്ല. രാജ്യത്തിന്റെ അതിർത്തികൾ ബി.ജെ.പി സർക്കാർ സംരക്ഷിച്ചു.


ബംഗ്ലാദേശുമായുള്ള രാജ്യത്തിന്റെ അതിർത്തി സുരക്ഷിതമാക്കി. കേന്ദ്രത്തിൽ മോദി സർക്കാരും ഇവിടെ ഹിമന്ത സർക്കാരും നുഴഞ്ഞുകയറ്റം അവസാനിപ്പിച്ചു.

മുൻ കോൺഗ്രസ് സർക്കാർ സംസ്ഥാനത്തോട് അനീതി കാണിച്ചു. വിവിധ കലാപങ്ങളിലായി നിരവധി യുവാക്കൾ കൊല്ലപ്പെട്ടു. എന്നാൽ ഈ

സർക്കാർ വിഘടന ഗ്രൂപ്പുകളുമായി സമാധാന കരാറുകൾ ഒപ്പുവച്ചു. മുസ്ലിം വ്യക്തിഗത നിയമം കൊണ്ടുവരുമെന്നാണ് കോൺഗ്രസ് പറയുന്നത്. എന്നാൽ ഏകീകൃത നിയമം കൊണ്ടുവരാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഹിമന്ത സർക്കാർ ശൈശവ വിവാഹം തുടച്ചുമാറ്റി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം രാജ്യത്തിന്റെ മൊത്തം വികസനമാണെന്നും പറഞ്ഞു.

പേരുമാറ്റി കൈയേറൽ
ചൈനയുടെ വ്യാമോഹം

അരുണാചൽ പ്രദേശിലെ ചില സ്ഥലങ്ങളുടെ പേര് ചൈന പുനർനാമകരണം ചെയ്യുന്നതിനെതിരെ വീണ്ടും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ചൈനയിലെ ചില സ്ഥലങ്ങളുടെ പേര് ഇന്ത്യ പുനർനാമകരണം ചെയ്താൽ അത് ഇന്ത്യയുടേതാകില്ല. അതുപോലെ തന്നെ തിരിച്ചും. ആരെങ്കിലും ആത്മാഭിമാനത്തെ വ്രണപ്പെടുത്താൻ ശ്രമിച്ചാൽ തിരിച്ചടിക്കാനുള്ള കരുത്ത് ഇന്ത്യക്കുണ്ടെന്നും പ്രതികരിച്ചു. 19ന് ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്ന അരുണാചൽ പ്രദേശിലെ ഈസ്റ്റ് മണ്ഡലമായ നംസായിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ഞങ്ങളുടെ വീടാണ്. തെറ്റുകൾ ചൈന ആവർത്തിക്കരുത്. ഇത്തരം നടപടികൾ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കും. മുൻ പ്രധാനമന്ത്രി വാജ്‌പേയി പറയുമായിരുന്നു, 'ഒരാൾക്ക് സുഹൃത്തുക്കളെ മാറ്റാം, എന്നാൽ അയൽക്കാരെ മാറ്റാൻ കഴിയില്ല". എല്ലാ അയൽക്കാരുമായും നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. കോൺഗ്രസ് ചൈനയ്ക്ക് വൻ തോതിൽ ഭൂമി പതിച്ചു നൽകി. അരുണാചലിലെ അടിസ്ഥാന സൗകര്യ വികസനം വടക്കുകിഴക്കൻ മേഖലയോട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള ശ്രദ്ധയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. അരുണാചലിലെ 30 സ്ഥലങ്ങളുടെ പേര് മാറ്റിയുള്ള നാലാം പട്ടികയാണ് ചൈന കഴിഞ്ഞ ആഴ്ച പുറത്തിറക്കിയത്.

അതിർത്തി ഗ്രാമങ്ങളെ കോൺഗ്രസ് അവസാന ഗ്രാമങ്ങൾ എന്നാണ് വിളിച്ചിരുന്നത്. എന്നാൽ ഞങ്ങൾ വിളിക്കുന്നത് ആദ്യ ഗ്രാമങ്ങളെന്നാണ്. അരുണാചലും ഇവിടെ താമസിക്കുന്നവരും തന്ത്രപ്രധാനമായ സ്വത്താണ്

രാജ്നാഥ് സിംഗ്,

പ്രതിരോധമന്ത്രി

Advertisement
Advertisement