'കേരള സ്റ്റോറി അല്ല, മണിപ്പൂ‌ർ സ്റ്റോറി'; കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കാനൊരുങ്ങി കൊച്ചിയിലെ പള്ളി

Wednesday 10 April 2024 8:54 AM IST

കൊച്ചി: ദി കേരള സ്റ്റോറി സിനിമയെച്ചൊല്ലി വിവാദങ്ങൾ കത്തിനിൽക്കെ മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദർശിപ്പിക്കാനൊരുങ്ങി കൊച്ചിയിലെ പള്ളി. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള സാൻജോപുരം സെന്റ് ജോസഫ് പള്ളിയിലാണ് മണിപ്പൂർ സ്റ്റോറി പ്രദർശിപ്പിക്കുന്നത്. ബൈബിൾ സ്‌കൂൾ വിദ്യാർത്ഥികൾക്കായി രാവിലെ 9.30 മുതലാണ് പ്രദർശനം നടത്തുന്നത്. 'മണിപ്പൂ‌ർ ക്രൈ ഒഫ് ദി ഒപ്രെസ്‌ഡ്' എന്ന ഡോക്യുമെന്ററിയാണ് പ്രദർശിപ്പിക്കുന്നത്.

നൂറിലേറെ വരുന്ന ബൈബിൾ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഡോക്യുമെന്ററി കാണാൻ അവസരമുണ്ടെന്നും മണിപ്പൂർ കലാപത്തെക്കുറിച്ച് കുട്ടികൾ അറിയണമെന്നും പള്ളി വികാരി നിധിൻ പനവേലിൽ പറഞ്ഞു. കേരള സ്റ്റോറി സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും ഏതെങ്കിലും സഭയോ രൂപതയോ നല്ലത് പറഞ്ഞതുകൊണ്ട് മാത്രം അതിൽ മാറ്റം വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള വിരുദ്ധവും മുസ്ലീം വിരുദ്ധവുമെന്നും ആർ.എസ്.എസ് അജൻഡയെന്നും എൽ.ഡി.എഫും, യു.ഡി.എഫും ആരോപിക്കുന്ന കേരള സ്റ്റോറി ഇടവകകളിൽ പ്രദർശിപ്പിക്കുന്നതിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ ഭിന്നത രൂക്ഷമാവുകയാണ്. കേരള കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ ആഹ്വാന പ്രകാരമാണ് ഇടുക്കി രൂപതയിൽ ചിത്രം പ്രദർശിപ്പിച്ചത്. പിന്നാലെ, താമരശേരി രൂപതയും പ്രദർശനത്തിന് ഒരുങ്ങുകയാണ്. തലശേരി രൂപത ചിത്രം പ്രദർശിപ്പിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു.

കുട്ടികൾ പ്രണയ ബന്ധത്തിൽപ്പെട്ട് വഴി തെറ്റിപ്പോകാതിരിക്കാനുള്ള ബോധവത്കരണമാണെന്നാണ് കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ ജാഗ്രതാ കമ്മിഷന്റെ ന്യായീകരണം. സിറോ മലബാർ സഭയും ഇതിനെ അനുകൂലിച്ചിരുന്നു. എന്നാൽ, നുണകളെ ആസ്പദമാക്കിയുള്ള സിനിമ പ്രദർശിപ്പിച്ചത് ചിലരുടെ രാഷ്ട്രീയ അജൻഡയിൽ വീണതിനാലാണെന്ന യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ കൂറിലോസിന്റെ പ്രതികരണം ഇക്കാര്യത്തിലുള്ള ഭിന്നത പ്രകടമാക്കി.വെറുപ്പും വിദ്വേഷവുമല്ല, സ്നേഹത്തിന്റെ സുവിശേഷമാണ് യേശുദേവന്റെ അനുയായികൾ പ്രചരിപ്പിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

Advertisement
Advertisement