അലോപ്പതിക്കെതിരായ പരസ്യം അംഗീകരിക്കാനാവില്ല, തെറ്റായ വാദങ്ങൾ പ്രചരിപ്പിക്കരുതെന്ന് നിർദ്ദേശിച്ചു: പതഞ്ജലിക്കെതിരെ കേന്ദ്രം

Wednesday 10 April 2024 11:26 AM IST

ന്യൂഡൽഹി: പതഞ്ജലിക്കെതിരായ നിലപാടുമായി കേന്ദ്രം സുപ്രീകോടതിയിൽ. അലോപ്പതി, ആയുർവേദം എന്നീ ശ്രേണികളിൽ ഏതുവിഭാഗത്തിലെ മരുന്ന് സ്വീകരിക്കണമെന്ന് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നും ഏതെങ്കിലും സംവിധാനത്തെ അപകീർത്തിപ്പെടുത്തുന്നത് നിരുത്സാഹപ്പെടുത്തണമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

അലോപ്പതിക്കെതിരായ പരസ്യങ്ങൾ അംഗീകരിക്കാനാവില്ലെന്നും പതഞ്ജലി പൊതുതാത്പര്യത്തിനെതിരായി പരസ്യം നൽകിയെന്നും ആയുഷ് മന്ത്രാലയം നൽകിയ സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കി. കൊവിഡിന് പ്രതിവിധിയാണെന്ന് അവകാശപ്പെടുന്ന കൊറോണിൽ എന്ന മരുന്നിന്റെ ക്ലിനിക്കൽ ട്രയൽ പൂർത്തിയാവുന്നതുവരെ ആ മരുന്നിനെക്കുറിച്ചുള്ള പരസ്യം നൽകരുതെന്ന് ആവശ്യപ്പെട്ടിരുന്നു എന്നും സത്യവാങ്‌മൂലത്തിൽ പറയുന്നുണ്ട്.തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന കേസിൽ പതഞ്ജലിക്കും അതിന്റെ സ്ഥാപകനായ ബാബാ രാംദേവിനുമെതിരെയുള്ള കേസിലാണ് കേന്ദ്രം സത്യവാങ്മൂലം നൽകിയത്.

നേരത്തേ പരസ്യവിവാദക്കേസിൽ വ്യാജ പരസ്യങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്ത കേന്ദ്രസർക്കാരിനെ കടുത്ത ഭാഷയിലാണ് സുപ്രീംകോടതി വിമർശിച്ചത്. പതഞ്ജലിയുമായി കേന്ദ്രവും ഉത്തരാഖണ്ഡ് സർക്കാരും കൊകോർത്തിരിക്കുകയാണെന്നും കോടതി വിമർശിച്ചിരുന്നു. ഇതിനെത്തുടർന്നാണ് എതിരായ സത്യവാങ്മൂലം നൽകാൻ കേന്ദ്രം തയ്യാറായത്.

അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്നും കാണിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് 2022ൽ പതഞ്ജലിക്കെതിരെ പരാതി നൽകിയത്. അലോപ്പതിയെയും ഡോക്ടർമാരെയും മോശമായി ചിത്രീകരിക്കുന്ന നിരവധി പരസ്യങ്ങളെക്കുറിച്ച് പരാതിയിൽ ഐഎംഎ പരാമർശിച്ചിരുന്നു.

കേസിൽ രാംദേവിനെയും ആചാര്യ ബാൽകൃഷ്ണയെയും കോടതി ശാസിച്ചിരുന്നു. കോടതിയലക്ഷ്യ കേസിൽ പതഞ്ജലി നൽകിയ സത്യാങ്മൂലത്തിൽ കടുത്ത അതൃപ്തി അറിയിച്ച കോടതി അദ്ദേഹത്തിന്റെ മാപ്പപേക്ഷയും തള്ളിയിരുന്നു. തുടർന്നാണ് വ്യാജ പരസ്യങ്ങളിൽ നടപടി സ്വീകരിക്കാത്തതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ചത്.