കാറിന് മുന്നിൽ സ്‌കൂട്ടർ വട്ടംചാടി; മധുരയിൽ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം
ചെന്നൈ: വാഹനാപകടത്തിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം. തമിഴ്‌നാട് മധുരയിലാണ് സംഭവം. ക്ഷേത്രദർശനം കഴിഞ്ഞിറങ്ങിയ കുടുംബം സഞ്ചരിച്ച കാറിന് മുന്നിൽ സ്‌കൂട്ടർ വട്ടംചാടിയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന നാലുപേരും ബൈക്ക് യാത്രികനുമാണ് മരിച്ചത്.
മധുര - കന്യാകുമാരി ദേശീയ പാതയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മധുര സ്വദേശിയായ അനഘവേൽ, ഭാര്യ കൃഷ്‌ണ കുമാരി, മകൾ നാഗ ജ്യോതി, എട്ട് വയസ് പ്രായമുള്ള ചെറുമകൾ എന്നിവരാണ് മരിച്ചത്. ഇവർ ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വഴിക്കുവച്ച് സ്‌കൂട്ടറിൽ പഴങ്ങൾ വിൽക്കുന്നയാൾ സ്‌കൂട്ടറിൽ കാറിന് മുന്നിൽ വട്ടംചാടി. തുടർന്ന് അമിതവേഗത്തിലെത്തിയ കാർ ബൈക്കിനെ ഇടിച്ച് തെറിപ്പിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു.
കാറിലുണ്ടായിരുന്ന നാലുപേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ബൈക്ക് യാത്രികൻ മരിച്ചത്. ഇവരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മധുരയിലെ രാജാജി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
മധുര - കന്യാകുമാരി ദേശീയപാതയിൽ ഇതിന് മുമ്പും അപകടങ്ങളുണ്ടായിട്ടുണ്ട്. കാറുംട്രക്കും കൂട്ടിയിടിച്ച് ഒരുകുടുംബത്തിലെ മൂന്നുപേരടക്കം നാലുപേർ ദിവസങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. കന്യാകുമാരി തേങ്കൻകുളിവിളൈ സ്വദേശികളായ ജെയിംസ് മാർട്ടിൻ(34), സഹോദരൻ ജോം ഡേവിഡ്‌സൺ (30), ബന്ധു കമലേഷ് (54) എന്നിവരും മധുര വിരധനൂർ സ്വദേശി എം. സെൽവകുമാ(29)റുമാണ് മരിച്ചത്.
മാർട്ടിനും കുടുംബാംഗങ്ങളും സഞ്ചരിച്ച കാർ തിരുമംഗലത്തുവച്ച് നിയന്ത്രണം വിടുകയായിരുന്നു. ഡിവൈഡറിൽ തട്ടിയ കാർ റോഡിന്റെ മറുവശത്തെത്തുകയും എതിർദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയുമായിരുന്നു. പൂർണമായും തകർന്ന കാറിനുള്ളിലുണ്ടായിരുന്ന മൂന്നുപേരുംമരിച്ചു. നിയന്ത്രണംവിട്ട ലോറി മറിഞ്ഞാണ് ഡ്രൈവർ സെൽവകുമാർ മരിച്ചത്.