ഗാന്ധിമതി ബാലൻ അന്തരിച്ചു, വിടപറഞ്ഞത് ക്ളാസിക്ക് സിനിമകളുടെ നിർമ്മാതാവ്

Wednesday 10 April 2024 1:32 PM IST

തിരുവനന്തപുരം: നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു. 66 വയസായിരുന്നു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളസിനിമയുടെ ക്ളാസിക്കുകൾ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒട്ടേറെ സിനിമകൾ നിർമ്മിച്ചത് ഗാന്ധിമതി ബാലനായിരുന്നു. പഞ്ചവടിപ്പാലം, പത്താമുദയം, സുഖമോ ദേവി, നൊമ്പരത്തിപ്പൂവ്, മൂന്നാംപക്കം, ഈ തണുത്ത വെളുപ്പാൻ കാലത്ത് എന്നിവ അദ്ദേഹം നിർമ്മിച്ച ചിത്രങ്ങളാണ്. മുപ്പതോളം ചിത്രങ്ങളുടെ നിർമാണവും വിതരണവും നിർവഹിച്ചു. ഇതിൽ വിഖ്യാത സംവിധായകൻ പദ്‌മരാജനൊപ്പമാണ് ഏറ്റവും കൂടുതൽ സിനിമകൾ ചെയ‌്തത്.

'ഇത്തിരി നേരം ഒത്തിരി കാര്യം' ആയിരുന്നു ആദ്യ സിനിമ. കലാമൂല്യമുള്ള ചലച്ചിത്രങ്ങൾ നിർമിക്കുന്നതിൽ വിജയംകണ്ട അപൂർവം നിർമാതാക്കളിലൊരാളായ ബാലൻ സാഹിത്യ, സാമൂഹിക, സാംസ്‌കാരിക വേദികളിലും നിറസാന്നിധ്യമായിരുന്നു.

ഏറെ നാളായി കരൾ രോഗത്തിന് ചികിത്സയിലായിരുന്ന ബാലനെ ഒരാഴ്‌ച മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്ന് ഉച്ചയ‌്ക്ക് 12.55ന് ആയിരുന്നു അന്ത്യം. സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും എന്നാണ് ബന്ധുക്കൾ അറിയിച്ചിട്ടുള്ളത്.