വഴിത്തർക്കം: അയൽവാസിയായ സ്ത്രീയുമായി കൈയാങ്കളി, വൃദ്ധന് ദാരുണാന്ത്യം

Wednesday 10 April 2024 4:47 PM IST

ഇടുക്കി: വഴിത്തർക്കത്തിന്റെ പേരിൽ അയൽവാസിയായ സ്ത്രീയുമായി മൽപ്പിടിത്തം നടത്തിയ വൃദ്ധൻ മരിച്ചു. ഇടുക്കി മുള്ളരിങ്ങാട് സ്വദേശി പുത്തൻപുരയിൽ സുരേന്ദ്രൻ എന്ന എഴുപത്തേഴുകാരനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ദേവകി എന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വഴിപ്രശ്നത്തിന്റെ പേരിൽ വാക്കുതർക്കത്തിലായ സുരേന്ദ്രനും ദേവകിയും തമ്മിൽ മൽപ്പിടിത്തവും കൈയാങ്കളിയും നടന്നു. ഇതിനിടെ സുരേന്ദ്രൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്നുമാണ് പൊലീസ് പറയുന്നത്.

അതേസമയം, കഴിഞ്ഞദിവസം കൊടുങ്ങല്ലൂർ മീനഭരണി മഹോത്സവത്തിനെത്തിയ യുവാവ് ബസിന് മുകളിൽ കിടന്നുറങ്ങവേ താഴെ വീണ് മരിച്ചു. തമിഴ്‌നാട് നീലഗിരി ജില്ലയിലെ ബാലക്കുളം കുറിച്ചനഗർ സ്വദേശി മണിയുടെ മകൻ മനീഷ് കുമാർ (28) ആണ് ബസിന് മുകളിൽ നിന്നും വീണ് മരിച്ചത്.

35 അംഗ സംഘത്തോടൊപ്പമാണ് മനീഷ് കുമാർ മീനഭരണി മഹോത്സവത്തിന് എത്തിയത്. തിങ്കളാഴ്ച വൈകിട്ട് ഇവർ വന്ന ബസ് കൊടുങ്ങല്ലൂർ ബൈപാസിലെ സി.ഐ ഓഫീസ് സിഗ്‌നൽ പരിസരത്ത് നിറുത്തിയശേഷം രാത്രി മറ്റുള്ളവരോടൊപ്പം മനീഷ് ബസിന്റെ മുകളിൽ കയറി ഉറങ്ങിയിരുന്നു. ഉറക്കത്തിൽ ഇയാൾ ബസിന് മുകളിൽ നിന്നും താഴെ വീഴുകയായിരുന്നു.

പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്നവർ ഉടൻ കൊടുങ്ങല്ലൂർ താലൂക്ക് ആശുപതിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പൊലീസ് ഇൻക്വസ്റ്റിനു ശേഷം കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.